കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാന കേസ് സിബിഐക്ക് വിടാൻ ഡിജിപിക്ക് റിപ്പോർട്ട് നൽകിയതായി മലപ്പുറം എസ് പി എസ് ശശിധരൻ. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും എസ് പി പറഞ്ഞു.
കോഴിക്കോട് വലിയ വലിയ വസ്തു ഇടപാടുകള്‍ നടത്തുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ബന്ധപ്പെടുത്തി ഭരണകക്ഷി എംഎല്‍എ തന്നെ ഗുരുതര ആരോപണം ഉന്നയിച്ചതിന്റെ പിന്നാലെയാണ് മലപ്പുറം എസ് പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് സിബിഐക്ക് കൈമാറാമെന്ന റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത്.
കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മലപ്പുറം എസ്പി ശശിധരന്‍ പ്രതികരിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ കുടുംബം നല്‍കിയ ഹര്‍ജി വീണ്ടും അടുത്ത മാസം ഒന്നിന് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ വീണ്ടും പരിഗണിച്ചപ്പോള്‍ എഡിജിപിക്കെതിരായ ആരോപണമുള്‍പ്പെടെയുള്ള പുതിയ സംഭവവികാസങ്ങളും അഭിഭാഷകന്‍ കോടതിയുടെ മുന്നിലെത്തിച്ചിട്ടുണ്ട്. പുതിയ വിവാദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രത്യേക അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും കുടുംബം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.