KeralaNews

മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാന്‍ കൂടിയാണ് മമ്പറം ദിവാകരന്‍.

കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രബല നേതാവായ മമ്പറം ദിവാകരന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ എതിര്‍പക്ഷക്കാരന്‍ കൂടിയാണ്.കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനലില്‍ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാര്‍ട്ടി വിലയിരുത്തി. അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.

മമ്പറം ദിവാകരനും കെ സുധാകരനും പലതവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെ സുധാകരനും മമ്പറം ദിവാകരനും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയത് രാഷ്ട്രീയരംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. കെ സുധാകരന്‍ പക്വത കാണിക്കണമെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ മമ്പറം ഉന്നയിച്ചിരുന്നു.

കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് മറുപടിയുമായി ദിവാകരന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button