കൊച്ചി:താരസംഘടനയായ അമ്മയുടെ തലപ്പത്ത് നടൻ പൃഥ്വിരാജ് വരണമെന്ന ചർച്ചകൾ അടുത്തിടെ വളരെ സജീവമായിരുന്നു. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനയിൽ ഉണ്ടായ പ്രശ്നങ്ങളും തുടർന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചതിനുമൊക്കെ പിന്നാലെയായിരുന്നു പൃഥ്വിരാജിന്റെ പേര് ചർച്ചകളിൽ ഇടംപിടിച്ചത്. ചില സിനിമ താരങ്ങൾ തന്നെ പൃഥ്വിയുടെ പേര് ഉറക്കെ പറഞ്ഞ് രംഗത്തെത്തി.
എന്നാൽ പൃഥ്വിയെ ഉയർത്തിക്കാട്ടുന്നതിനെതിരെ കടുത്ത വിമർശനം ഉയർത്തിയ ചില താരങ്ങളും ഉണ്ടായിരുന്നു. അതിലൊരാളാണ് നടൻ ധർമ്മജൻ. അമ്മയുടെ യോഗത്തിന് പോലും പങ്കെടുക്കാത്ത പൃഥ്വിയെ അല്ല മറിച്ച് കുഞ്ചാക്കോ ബോബനെയാണ് സംഘടനയുടെ പ്രസിഡന്റ് ആക്കേണ്ടതെന്നായിരുന്നു ധർമ്മജൻ പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. സംഘടനയിലെ പ്രശ്നങ്ങളെ കുറിച്ചും മല്ലിക സംസാരിച്ചു.
നടിയുടെ വാക്കുകൾ ഇങ്ങനെ-‘ അമ്മ സംഘടനയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രധാന താരങ്ങളിൽ നിന്നല്ല, അപ്രധാന താരങ്ങളിൽ നിന്നുണ്ടാകുന്നതാണ്. മോഹൻലാലോ മമ്മൂട്ടിയോ ജയറാമോ ദിലീപോ ഒക്കെ അറിയാതെ തന്നെ പല കഥകളും വരും. ഇതിലൊന്നും അവരെ കുറ്റപ്പെടുത്തരുത്.
അവർക്ക് ഇതിനൊന്നും നേരം പോലും ഇല്ല. മോഹൻലാലും മമ്മൂട്ടിയൊന്നും എന്റെ കുഞ്ഞിനെ വേദനിപ്പിക്കാൻ ശ്രമിക്കില്ല. മൂന്നാം ബെഞ്ചിലിരിക്കുന്നവരാണ് ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത്.
ധർമ്മജൻ പൃഥ്വിരാജിനെ കുറിച്ച് അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഒരു പരിപാടിയുണ്ടെങ്കിൽ അതും കളഞ്ഞ് ധർമ്മജൻ അമ്മ സംഘടനയുടെ മീറ്റിങ്ങിന് വരുമോ? പരിപാടി ഒന്നും ഇല്ലാതെ ചുമ്മാതെ ഇരിക്കുന്നത് കൊണ്ടല്ലേ ധർമ്മജൻ വരുന്നത്. ധർമജൻ അത് പറഞ്ഞത് നൈമിഷികമായ വികാരത്തിൽ ആളാവാൻ ആയിരിക്കും. ധർമ്മജന് എന്നോടോ മോനോടോ ഒരു വിരോധവും ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്.
ധർമ്മജൻ എന്തുകൊണ്ടാണ് ഒന്നുരണ്ട് പേരുടെ പേര് വിട്ടത്. എത്ര മീറ്റിങ്ങിൽ ദുൽഖർ സൽമാൻ വന്നിട്ടുണ്ട്, രമേശ് പിഷാരടി വന്നിട്ടുണ്ട്. പിഷാരടി ഇപ്പോഴല്ലേ വന്ന് തുടങ്ങിയത്. സംവിധായകനായി മമ്മൂട്ടിയൊക്കെ ആയി അടുപ്പമായി തുടങ്ങിയതിന് ശേഷമാണ് യോഗത്തിനൊക്കെ വന്ന് തുടങ്ങിയത്. നമ്മളൊക്കെ ധർമ്മജന്റെ പ്രായത്തിന് മുൻപേ അമ്മയിൽ എത്തിയവരാണ്. അതുകൊണ്ട് സംസാരിക്കുമ്പോൾ ധർമ്മജൻ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു.
പിന്നെ പൃഥ്വിരാജ് അമ്മയുടെ തലപ്പത്ത് ഇരിക്കണമെന്ന് ലവലേശം എനിക്ക് ആഗ്രഹമില്ല. അവൻ നന്നായി അധ്വാനിക്കുന്നവനാണ്’,മല്ലിക സുകുമാരൻ പറഞ്ഞു. ഇപ്പോൾ താരങ്ങളല്ല നല്ല സിനിമയ്ക്കാണ് മാർക്കറ്റെന്നും അവർ പ്രതികരിച്ചു. ‘ഇന്നയാൾ അഭിനയിച്ചെങ്കിലേ സിനിമ ഓടു എന്ന രീതിയൊക്കെ മാറി.
പണ്ട് യുവാക്കളുടെ പടമൊക്കെ ഓടുമോ? നല്ല പടം വന്നാൽ നന്നായി ഓടും. നല്ല പ്രൊഡക്ട് കൊടുക്കുകയാണെങ്കിൽ അതിനെ മനസിലാക്കാനും ആസ്വദിക്കാനും വിലയിരുത്താനുമൊക്കെ കേരളത്തിലെ ആളുകളെ കൊണ്ട് സാധിക്കും. ഇങ്ങനെ തന്നെ വേണം, ഇതൊക്കെ ഇൻഡസ്ട്രിക് സഹായകമാകും’, മല്ലിക പറഞ്ഞു.