ചൈനീസ് ‘ചാരക്കപ്പലിന്’ മാലദ്വീപില്‍ നങ്കൂരമിടാന്‍ അനുമതി; സൗഹൃദ രാജ്യങ്ങളെ സ്വീകരിക്കുമെന്ന് സർക്കാർ
മാലെ: ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെട്ടുന്ന ‘സിയാൻ യാങ് ഹോങ് 03’ അടുത്ത മാസം ആദ്യം തലസ്ഥാനമായ മാലെയിൽ നങ്കൂരമിടുമെന്ന് സ്ഥിരീകരിച്ച് മാലദ്വീപ് സർക്കാർ. മാലദ്വീപിൽ കപ്പൽ ഒരു നിരീക്ഷണവും നടത്തില്ലെന്നും നാവികരുടെ മാറ്റം പോലെയുള്ള നടപടിക്രമങ്ങൾക്കായാണ് ചൈന ക്ലിയറൻസ് ആവശ്യപ്പെട്ടതെന്നും മാലദ്വീപ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
സൗഹൃദ രാജ്യങ്ങളുടെ കപ്പലുകളെ മാലദ്വീപ് എക്കാലവും സ്വീകരിക്കാറുണ്ടെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായി തുറമുഖം ആവശ്യപ്പെടുന്ന സ്വകാര്യ, സൈനിക കപ്പലുകൾക്ക് ആതിഥേയത്വം വഹിക്കുന്നത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ‘‘ഇത്തരം നടപടി മാലദ്വീപും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നു. സൗഹൃദ രാജ്യങ്ങളിൽനിന്നുള്ള കപ്പലുകളെ സ്വാഗതം ചെയ്യുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുകയും ചെയ്യുന്നു’’– പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി 8ന് ചൈനീസ് വ്യാപാര കപ്പൽ മാലെയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തൊനീഷ്യയിലെ ജക്കാർത്ത തീരത്താണ് നിലവിൽ കപ്പലുള്ളത്. ‘‘സൗഹൃദ രാജ്യങ്ങളിൽനിന്നുള്ള കപ്പലുകളെ സ്വാഗതം ചെയ്യുന്നു’’ എന്ന പ്രയോഗം ഇന്ത്യയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമായും ഇന്ത്യയോട് അകലുന്നതിന്റെയും ചൈനയോട് അടുക്കുന്നതിന്റെയും കൂടുതൽ തെളിവായും നയതന്ത്ര വിദഗ്ധർ കാണുന്നു. .
4,300 ടൺ ഭാരമുള്ള സിയാങ് യാങ് ഹോങ് 03, ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം നടത്തുന്ന ചൈനീസ് കപ്പലാണ്. വെള്ളത്തിനടിയിലെ ഭൂകമ്പങ്ങൾ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകാനും ഇത്തരം കപ്പലുകൾക്ക് സാധിക്കും. എങ്കിലും സൈനിക ആവശ്യങ്ങൾക്കായിചാരപ്രവർത്തനത്തിനും ചൈന ഈ കപ്പൽ ഉപയോഗിക്കുന്നതായാണ് വിലയിരുത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മാലദ്വീപ് മന്ത്രിമാർ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്ന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ചൈനീസ് കപ്പലിന് നങ്കൂരമിടാൻ മാലദ്വീപ് അനുമതി നൽകുന്നത്. മാലദ്വീപിലുള്ള ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്ന് ഉൾപ്പെടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു.