KeralaNews

ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ മലയാളി ബന്ധം; ആര്യന് മയക്കുമരുന്ന് നല്‍കിയെന്ന് കരുതുന്ന ശ്രേയസ് നായര്‍ കസ്റ്റഡിയില്‍

മുംബൈ: കോര്‍ഡെലിയ എന്ന ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരു മലയാളി കസ്റ്റിഡിയിലെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്ന് എത്തിച്ചുകൊടുത്ത ശ്രേയസ് നായര്‍ ആണ് എന്‍സിബി കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് ആര്യന്‍ ഖാന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്.

ആര്യന്റേയും അറസ്റ്റിലായ അര്‍ബാസിന്റേയും അടുത്ത സുഹൃത്താണ് ശ്രേയസ്. ഇവര്‍ മുന്‍പും ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. ശ്രേയസും കപ്പലില്‍ യാത്ര ചെയ്യാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറി. താന്‍ നാലു വര്‍ഷമായി മയക്കു മരുന്ന് ഉപയോഗിച്ചിരുന്നെന്ന് ആര്യന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട്, ദുബായ് രാജ്യങ്ങളില്‍ താമസിച്ചിരുന്ന സമയത്താണ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതെന്നും ആര്യന്‍ ഖാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ പലതവണ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞതായും എന്‍സിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ബോര്‍ഡിങ് പാസോ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത രേഖകളോ കണ്ടെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യന്‍ റേവ് പാര്‍ട്ടിയിലെ സ്‌പെഷ്യല്‍ ഗസ്റ്റ് ആയിരുന്നെന്ന് വ്യക്തമായത്.

ആര്യനെതിരേ ശക്തമായ തെളിവുകളാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ മുന്നോട്ടു വയ്ക്കുന്നത്. ആര്യന്റെ ലെന്‍സ് കെയ്സില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. കൊക്കെയ്‌നും എംഡിഎംഎയുമാണ് കണ്ടെത്തിയത്. നിരോധിത മയക്കുമരുന്നുകളെക്കുറിച്ച് ആര്യന്‍ ഖാനും സുഹൃത്തുക്കളും ഒന്നിലധികം തവണ ചാറ്റ് ചെയ്തിരുന്നതായി വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ വ്യക്തമായി.

കേസില്‍ അറസ്റ്റിലായ സ്ത്രീകള്‍ സൂക്ഷിച്ചിരുന്ന സാനിറ്ററി പാഡുകള്‍ക്ക് ഇടയില്‍ നിന്നും മരുന്ന് പെട്ടികളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. റേവ് പാര്‍ട്ടിക്ക് ഇടയില്‍ നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടികളുടെ സാനിറ്ററി പാഡുകള്‍ക്ക് ഇടയില്‍ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍, മെപോഡ്രോണ്‍ അടക്കമുള്ളവയാണ് റെയ്ഡില്‍ കണ്ടെടുത്തത്.

ശനിയാഴ്ച രാത്രി കപ്പലില്‍ നടന്ന ആഘോഷത്തിനിടയിലാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു ആര്യനെ അറസ്റ്റ് ചെയ്തത്. ആര്യന്‍ഖാന് പുറമേ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ അടക്കമുള്ളവരെ ഒക്ടോബര്‍ നാല് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

രണ്ടുസ്ത്രീകളടക്കം അഞ്ചുപേര്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയിലാണ്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുലക്ഷം രൂപയായിരുന്നു ടിക്കറ്റ്. നിരവധി പ്രമുഖരുടെ മക്കള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആര്യന്‍ ഖാന്റെ പങ്കാളിത്തം ഉയര്‍ത്തി നിരവധി ചെറുപ്പക്കാരെ ലഹരിപ്പാര്‍ട്ടിയുടെ സംഘാടകര്‍ കപ്പല്‍ യാത്രയിലേക്ക് ആകര്‍ഷിച്ചു എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button