KeralaNews

എച്ചിൽപാത്രത്തിൽ കഴിക്കാൻ നിർബന്ധിച്ചുവെന്ന് വാട്‌സാപ്പ് സന്ദേശം,പീഡനം; മലയാളിയായ കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി

നാഗര്‍കോവില്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതിയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു ശുചീന്ദ്രം സ്വദേശിയും കൊട്ടാരം വൈദ്യുതി ഓഫീസിലെ ജീവനക്കാരനുമായ കാര്‍ത്തികുമായി ശ്രുതിയുടെ വിവാഹം.

കോയമ്പത്തൂര്‍ കോവില്‍പാളയത്താണ് ഏറെക്കാലമായി ശ്രുതിയുടെ കുടുംബം താമസിക്കുന്നത്. അച്ഛന്‍ ബാബു കോയമ്പത്തൂരില്‍ തമിഴ്‌നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്യുന്നത്.

വിവാഹ ശേഷം ഭര്‍തൃമാതാവ് ചെമ്പകവല്ലി തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ശ്രുതി അമ്മയോടെ പരാതിപ്പെട്ടിരുന്നു. തന്റെ സ്വര്‍ണാഭരണങ്ങള്‍ കാര്‍ത്തിക്കിന്റെ സഹോദരിക്ക് നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായും അറിയിച്ചിരുന്നു.

10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാര്‍ത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കിയെന്നും മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

ഇതേ തുടര്‍ന്ന് അമ്മയും അച്ഛനും കോയമ്പത്തൂരില്‍ നിന്ന് ശുചീന്ദ്രത്തേക്ക് പുറപ്പെട്ടു. 22-ന് രാവിലെ യാത്ര മധ്യേയാണ് ശ്രുതി ആത്മഹത്യ ചെയ്തതായി കാര്‍ത്തിക്കിന്റെ സഹോദരി അറിയിച്ചത്. ബുധനാഴ്ച ശ്രുതിയുടെ രക്ഷിതാക്കള്‍ ശുചീന്ദ്രം പോലീസില്‍ പരാതി നല്‍കി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ഇതിനിടെ കാര്‍ത്തിക്കിന്റെ അമ്മ ചെമ്പകവല്ലിയെ വീട്ടിനുള്ളില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി. നിലവില്‍ നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. അന്വേഷണം ഭയന്നാണ് ചെമ്പകവല്ലി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker