CrimeKeralaNationalNewsNews

ബംഗാളില്‍ മാലക്കള്ളനെ കീഴ്‌പ്പെടുത്തി മലയാളി വനിതകള്‍

കോഴിക്കോട്: ബൈക്കിലെത്തി മാല പൊട്ടിച്ച കള്ളനെ കൈയോടെ പിടികൂടി മലയാളി വനിതാ ആർ.പി.എസ്.എഫ്. ഉദ്യോഗസ്ഥർ. ബംഗാളിലെ അസൻസോളിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ്(ആർ.പി.എസ്. എഫ്) കോൺസ്റ്റബിൾമാരായ റോണിമോൾ ജോസഫ്, എസ്.വി. വിദ്യ എന്നിവരാണ് മാലക്കള്ളനെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 5.40-ഓടെ അസൻസോൾ ഡോമാഹാനി റെയിൽവേ കോളനിക്ക് അടുത്തായിരുന്നു സംഭവം.

പ്രഭാതസവാരിക്കിടെയാണ് ബൈക്കിലെത്തിയ യുവാവ് റോണിമോളുടെ മാല പൊട്ടിച്ചെടുത്തത്. റെയിൽവേ കോളനിക്ക് സമീപത്തെ റെയിൽവേ പാലത്തിനടിയിൽ വെച്ചായിരുന്നു സംഭവം. മാല പൊട്ടിച്ചയുടൻ റോണിമോൾ യുവാവിന്റെ കൈയിൽ പിടിച്ചു. ഇതോടെ യുവാവും ബൈക്കും നിലത്തുവീണു. തുടർന്ന് റോണിമോളും വിദ്യയും ചേർന്ന് യുവാവിനെ ബലപ്രയോഗത്തിലൂടെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

ഇവർ വിവരമറിയച്ചതനുസരിച്ച് ആർ.പി.എഫ്. സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.ബർദ്വാൻ സ്വദേശിയായ ഈശ്വർ ലാൽ ദാസ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മാലക്കള്ളനെ ധൈര്യപൂർവം നേരിട്ട വനിതാ ഉദ്യോഗസ്ഥരെ മുതിർന്ന ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

“പ്രതിയായ യുവാവിനെ പ്രഭാതസവാരിക്കിടെ നേരത്തെയും ശ്രദ്ധിച്ചിരുന്നു. പ്രത്യേക രീതിയിൽ തൂവാല കെട്ടിയാണ് ഇയാൾ ബൈക്കിൽ പോയിരുന്നത്. സംഭവദിവസം രണ്ട് തവണ ഇയാൾ ഞങ്ങളെ മറികടന്ന് ബൈക്കിൽ പോയി. അതുപോലെ തിരിച്ചുവരികയും ചെയ്തു. ഞങ്ങൾ നടന്ന് പാലത്തിന് അടിയിലെത്തിയപ്പോളാണ് അയാൾ വീണ്ടും ബൈക്കിലെത്തി മാല പൊട്ടിച്ചത്. ആരുമില്ലാത്ത സ്ഥലമായതിനാലാകാം അവിടെവെച്ച് പൊട്ടിച്ചത്. ഉടൻതന്നെ ഞാൻ അയാളുടെ കൈയിൽ പിടിച്ചു. അയാളും ബൈക്കും നിലത്തുവീണു. വിദ്യയും ഞാനും പിന്നീട് കൈകൾ കൂട്ടിപിടിച്ച് ലോക്ക് ചെയ്തു.

കുതറി രക്ഷപ്പെടാൻ അയാൾ ശ്രമിച്ചിരുന്നു. കീഴ്പ്പെടുത്താൻ കുറച്ച് പാടുപെടേണ്ടി വന്നു. പത്ത് മിനിറ്റോളമെടുത്താണ് കീഴ്പ്പെടുത്താനായത്. ചിലർ അടുത്തുണ്ടായിരുന്നു. ഒരുപക്ഷേ, ആയുധങ്ങളുണ്ടാകുമെന്ന് കരുതിയാകാം അവരാരും ഇടപെട്ടില്ല, നോക്കിനിന്നതേയുള്ളൂ. ഇതിനിടെ സഹപ്രവർത്തകരെ വിളിച്ചറിയിച്ചു. തുടർന്ന് സമീപത്തെ ആർ.പി.എഫ്. പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു’- ദേശീയതലത്തിൽ റോവിങ് താരം കൂടിയായി റോണിമോൾ ജോസഫ് പറഞ്ഞു.

റോണിമോളുടെ പത്ത് ഗ്രാമിന്റെ സ്വർണമാലയാണ് കള്ളൻ പൊട്ടിച്ചെടുത്തത്. ഇത് പല കഷണങ്ങളായിരുന്നു. കള്ളന്റെ കൈയിൽനിന്ന് 4.6 ഗ്രാം മാത്രമാണ് കണ്ടെടുക്കാനായത്. അറസ്റ്റിലായ ഈശ്വർ ലാൽ ദാസ് നേരത്തെയും സമാന കേസുകളിൽ ഉൾപ്പെട്ടയാളാണെന്നാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് ആർ.പി.എഫ്. വനിതാ ഹെഡ് കോൺസ്റ്റബിളിനെ ആക്രമിച്ച് മൊബൈൽ ഫോണും മാലയും പണവും തട്ടിയെടുത്തിരുന്നു. ഈശ്വർലാൽ ദാസും മറ്റൊരാളും ചേർന്നാണ് ഈ കവർച്ച നടത്തിയത്. ഇതിനു പിന്നാലെയാണ് മലയാളി വനിതാ ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാനുള്ള ശ്രമവുമുണ്ടായത്.

ആലപ്പുഴ സ്വദേശിയായ റോണിമോൾ ജോസഫും തിരുവനന്തപുരം സ്വദേശി എസ്.വി. വിദ്യയും കഴിഞ്ഞ ആറ് വർഷമായി ആർ.പി.എസ്.എഫിലെ ലേഡി കോൺസ്റ്റബിൾമാരാണ്. നേരത്തെ തിരുവനന്തപുരത്തും പാലക്കാടും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ അസൻസോളിലെ ആർ.പി.എസ്.എഫ്. 16 ബറ്റാലിയനിലാണ് ജോലിചെയ്യുന്നത്. വിദേശത്ത് നഴ്സായ വിപിൻ തോമസാണ് റോണിമോളുടെ ഭർത്താവ്. തിരുവനന്തപുരം ചിട്ടിക്കോണം സ്വദേശി പ്രകാശ് ഷായാണ് വിദ്യയുടെ ഭർത്താവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker