പ്രചരിയ്ക്കുന്ന വീഡിയോ സിനിമയിലേത്; വൈറൽ വീഡിയോയിൽ വിശദീകരണവുമായി മാലാ പാർവതി
കൊച്ചി:അമ്മ വേഷത്തിലും സഹനടിയായുമെല്ലാം മലയാളത്തിൽ ശ്രദ്ധേയയായ നടിയാണ് മാലാ പാർവതി. താരം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നു എന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇവയുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാലാ പാർവതി ഇപ്പോൾ. നടൻകൂടിയായ മുഹമ്മദ് മുസ്തഫ സംവിധാനംചെയ്ത മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണിതെന്ന് മാലാ പാർവതി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
രമാദേവി എന്ന ഗുണ്ടാ നേതാവിനെയാണ് മാലാ പാർവതി മുറയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിലൂടെ ചിത്രം ഒ.ടി.ടി റിലീസിനെത്തിയതോടെയാണ് സിനിമയിലെ മാലാ പാർവതിയുടെ ഒരു രംഗം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതോടെ വിശദീകരണവുമായി നടി തന്നെ നേരിട്ടെത്തി.
”മുറ എന്ന സിനിമയിൽ, Gym-ൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് എൻ്റെ വർക്ക് ഔട്ട് വീഡിയോ ആയി തെറ്റിദ്ധരിച്ച് പല മെസ്സേജ് ലഭിക്കുന്നുണ്ട്. മുറ എന്ന ചിത്രത്തിലെ ഒരു രംഗമാണത്.. സിനിമ കാണു. ആമസോണ്‍ പ്രൈം വിഡിയോയില്‍ കാണാം.” മാലാ പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം ഈ രംഗത്തിൽ മറ്റൊരാളാണ് അഭിനയിച്ചതെന്ന് തോന്നി എന്ന ഒരാളുടെ കമന്റിന് മറുപടിയായി താൻ തന്നെയാണ് ആ രംഗത്തിലുള്ളതെന്നും നടി വ്യക്തമാക്കുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട് നായകനായ മുറയില്‍ ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, ജോബിന്‍ ദാസ്, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസന്‍, കനി കുസൃതി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്.