കഠ്മണ്ഡു: കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ കുടുംബങ്ങളുടെ ദുരന്തവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. തിരുവനന്തപുരം കോഴിക്കോട് സ്വദേശികളായ എട്ടുപേരെയാണ് മുറിയില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ തണുപ്പ് അകറ്റാന്‍ ഉപയോഗിച്ച ഗ്യാസ് ഹീറ്ററിലെ വാതകം ചോര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രവീണ്‍ കുമാറിന്റെയും രഞ്ജിത് കുമാറിന്റെയും കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെ മകന്‍ മാധവ് രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോള്‍ അടുത്തമുറിയില്‍ ആയിരുന്നതാണ് മാധവിന് തുണയായത്.ദുബായില്‍ എന്‍ജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ ശശി(34), ഇവരുടെ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് ശരണ്യ നായര്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് അടുത്തോലത്ത് പുനത്തില്‍ ടി ബി രഞ്ജിത് കുമാര്‍ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരന്‍ (34) ഇവരുടെ മകന്‍ വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കു പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നായിരുന്നു ഇവരുടെ യാത്ര. യാത്രകളെ സ്‌നേഹിച്ചിരുന്നയാളാണ് പ്രവീണെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബവുമായി പലയിടങ്ങളിലും എപ്പോഴും യാത്ര പോകുന്നയാള്‍. അത്തരമൊരു കുടുംബയാത്രയായിരുന്നു നേപ്പാളിലേക്ക് നടത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. അതെ സമയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.നേപ്പാള്‍ ടൂറിസം വകുപ്പാണ് എട്ടുപേരുടെ മരണത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് മാനേജറുടെ മൊഴി.ചൊവ്വാഴ്ച രാവിലെ സംഘത്തിലെ മറ്റുള്ളവര്‍ മുറിയില്‍ പോയസമയത്താണ് എട്ടുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ധംബരാഹിയിലെ എച്ച്.എ.എം.എസ്. ആശുപത്രിയിലെത്തിച്ചു. രാവിലെ 10.40 നും 11.30നുമാണ് എട്ടുപേരെയും ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ മരണം സംഭവിച്ചിരുന്നതായാണ് എച്ച്.എ.എം.എസ്. ആശുപത്രി അധികൃതരുടെ വിശദീകരണം.മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചു.