കണ്ണൂര്‍: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ പി.വി.അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍. എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
ഇതിനിടെ, പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ചാണ് ഡിജിപി ഷേക്ക് ദര്‍വേശ് സാഹേബ് മുഖ്യമന്ത്രിയെ കണ്ടത്. വിവാദങ്ങള്‍ക്കിടെ എഡിജിപി എം.ആര്‍.അജിത് കുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് പോലീസ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ കഴിഞ്ഞ ദിവസമാണ് ഇടത് എംഎല്‍എ ആയ അന്‍വര്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വഹിക്കുന്ന ആഭ്യന്തരവകുപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കിയാണ് ഭരണപക്ഷ എം.എല്‍.എ.യായ അന്‍വറിന്റെ ആരോപണങ്ങള്‍.