ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്ന് മന്ത്രി എം.എം മണി
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തന്റെ മരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ലെന്നു മന്ത്രി എം.എം. മണി. വാഹനമോടിക്കുമ്പോള്‍ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അമിതവേഗതയില്‍ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണു മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്.
അപകടത്തിനു ശേഷം അതിന്റെ ഉത്തരവാദിത്തം ശ്രീറാം, അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താന്‍ ശ്രമിച്ചു. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോഴാണു ലജ്ജിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇടുക്കിയില്‍ സബ് കളക്ടറായിരിക്കെ ശ്രീറാം സ്വീകരിച്ച നടപടികളുടെ പേരില്‍ മന്ത്രി മണി അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശമുന്നയിച്ചിരുന്നു. ശ്രീറാം ചെറ്റയാണെന്നും ഊളമ്പാറയ്ക്ക് വിടണമെന്നും വരെ എം.എം മണി പറഞ്ഞിരിന്നു.