KeralaNews

കുറ്റി പറിക്കുന്ന കോൺഗ്രസിന്‍റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് എം എം മണി

കട്ടപ്പന: കെ റെയിലിന്‍റെ കുറ്റി പറിക്കുന്ന കോൺഗ്രസിന്‍റെ കുറ്റി ഉടൻ തന്നെ ജനങ്ങൾ പിഴുതെറിയുമെന്ന് മുൻ മന്ത്രി എം എം മണി.  2025 ലും കാളവണ്ടി യുഗത്തിൽ ജീവിക്കണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാർ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എംഎം മണി കട്ടപ്പനയിൽ പറഞ്ഞു.

കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) കല്ലിടൽ ഇന്നും തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധവും ശക്തമാകും. ചോറ്റാനിക്കര മേഖലയിൽ സർവേയ്ക്കായി ഉദ്യോഗസ്ഥർ എത്തും. മേഖലയിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും ഇവിടെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങൾക്കിടെ കോഴിക്കോട് ഇന്നും കെ റെയിൽ സർവെ നടപടികളും അതിരടയാള കല്ല് സ്ഥാപിക്കലും നടക്കും. 

ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറെ കല്ലായി ഭാഗത്തുനിന്ന് ആവും ഇന്ന് നടപടികൾ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടൽ താൽക്കാലികമായി നിർത്തി വച്ചിരുന്നു.  കെ റെയിൽ  ഉദ്യോഗസ്ഥർക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികൾ. മുൻകൂട്ടി അറിയിപ്പ് നൽകാതെ വീടുകളിൽ അതിരടയാള കല്ല് ഇട്ട തിനെതിരെ കോടതിയെ സമീപിക്കാനാണ് ആണ് സമരക്കാരുടെ തീരുമാനം. അതിനിടെ മന്ത്രി സജി ചെറിയാന്‍റെ (Saji Cheriyan) പരാമർശങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് ബിജെപി ഇന്ന് മാര്‍ച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഇന്നലെയും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് കെ റെയിൽ കല്ലിടലിനെതിരെ ഉയർന്നത്. കോഴിക്കോട് കെ റെയിൽ കല്ല് സമരക്കാർ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാർ ഉറച്ച നിലപാടിൽ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമരവുമായി രംഗത്തുണ്ടായി.

കോട്ടയത്ത് കെ റെയിൽ കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളിൽ കയറി നിന്ന് കോൺഗ്രസ് പ്രവർത്തകരും സമരക്കാരും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു സമരം. ശക്തമായ പൊലീസ് സന്നാഹമാണ്  സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിൻവാങ്ങും വരെ സമരമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. പൊലീസ് സംയമനം പാലിച്ചതോടെ വലിയ തോതിൽ പ്രശ്നങ്ങളുണ്ടായില്ല.

കോഴിക്കോട് കല്ലായിയിലാകട്ടെ സർവേ പൂ‍ർണമായും തടഞ്ഞുള്ള പ്രതിഷേധമാണ് ഉണ്ടായത്. ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. മന്ത്രി സജി ചെറിയാനെതിരെ ഡിസിസി അധ്യക്ഷൻ പൊട്ടിത്തെറിച്ചു. വങ്കത്തരമാണ് സജി ചെറിയാൻ പറയുന്നതെന്നും പിണറായി വിജയനും സിപിഎമ്മുമാണ് തീവ്രവാദികളെന്നും അദ്ദേഹം ആരോപിച്ചു. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ഇവിടെ റവന്യൂ ഭൂമിയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകൾ പറിച്ചു കളഞ്ഞു. കല്ല് പിഴുത് സമരക്കാർ കല്ലായി പുഴയിൽ ഇട്ടു. കോൺഗ്രസ് – ബിജെപി പ്രവർത്തകർ ചേർന്നാണ് കല്ല് പറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button