EntertainmentKeralaNews

മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി മധുമാസ ചന്ദ്രികയായി മലയാളികളുടെ ഉള്ളില്‍ നിറഞ്ഞുതുളമ്പിയ പ്രതിഭ; ‘അനുരാഗഗാനം പോലെ’, പ്രായം നമ്മില്‍ മോഹം പുതു തലമുറ ഗാനങ്ങളിലൂടെ മനം കവർന്ന ഗായകൻ

തൃശൂര്‍: മലയാള സിനിമാ സംഗീത ശാഖയില്‍ ഏറ്റവും കേള്‍വി ജ്ഞാനമുള്ള ഗായകന്‍ ആരെന്ന് ചോദിച്ചാല്‍ നിശ്ശംശയം പറയാമായിരുന്നു :പി ജയചന്ദ്രന്‍. പാടി പാടി മോഹിപ്പിക്കുന്നതിനൊപ്പം പാട്ടുകേള്‍ക്കുന്നതിനും തന്റെ ജീവിതം തുല്യമായി പങ്കുവച്ച ഭാവ ഗായകന്‍. അക്കാര്യത്തില്‍, സ്വയം അഭിമാനിക്കുകയും ചെയ്തിരുന്നു അദ്ദേഹം,

1960 കളുടെ മധ്യം തൊട്ട് 1985 വരെ മലയാള സിനിമയില്‍ യേശുദാസ് എന്ന മഹാമേരുവിന് മുന്നില്‍ അടിപതാറാതെ നിന്ന ഒരേയൊരു വന്‍മരമായിരുന്നു. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അവിടെ സംഗീതാദ്ധ്യാപകനായിരുന്ന കെ വി രാമനാഥനാണ് ആദ്യ ഗുരു. 1958ലെ യുവജനോത്സവത്തില്‍ ലളിത സംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം കരസ്ഥമാക്കി. അന്ന് ശാസ്ത്രീയസംഗീതത്തില്‍ ഒന്നാംസ്ഥാനക്കാരനായത് പില്‍ക്കാലത്ത് ഗാനഗന്ധര്‍വനായ യേശുദാസായിരുന്നു, ഇരുവരും സംഗീതരംഗത്ത് പ്രഗത്ഭരായതോടെ യുവജനോത്സവ വേദിയില്‍ നടത്തിയ പ്രകടനത്തിന്റെ ചിത്രം പില്‍ക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാലിയത്ത് ജയചന്ദ്രക്കുട്ടന്‍ എന്നാണ് മുഴുവന്‍ പേര്. എറണാകുളത്തെ രവിപുരത്താണ് ജനിച്ചത്. പിന്നീട് കുടുംബം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി. തൃശൂര്‍ സ്വദേശി ലളിതയെയാണ് വിവാഹം ചെയ്തത്. ലക്ഷ്മിയെന്ന മകളും ദിനനാഥ് എന്ന മകനുമാണ് ഈ ദമ്പതികള്‍ക്കുള്ളത്.. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രതിനു വേണ്ടി പാടിയ- മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.

പാട്ടില്‍ നിറഞ്ഞുതുളുമ്പുന്ന കേരളീയതയാണ് ഒരു ഗായകനെന്ന രീതിയില്‍ അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയ്ക്കുവേണ്ടി പി ഭാസ്‌കരന്‍ എഴുതി ബി എ ചിദംബരനാഥ് സംഗീതം പകര്‍ന്ന ഒരു ഗാനം പാടിക്കൊണ്ടാണ് മലയാളസിനിമയില്‍ ജയചന്ദ്രന്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തുവന്നത് 1966 ല്‍ കളിത്തോഴന്‍ എന്ന ചിത്രത്തിനുവേണ്ടി പാടിയ രണ്ടു സോളോ ഗാനങ്ങളായിരുന്നു. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി… എന്ന വിരഹഗാനവും താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍… എന്ന തമാശപ്പാട്ടും. വിപരീതസ്വഭാവമുള്ള രണ്ടു പാട്ടുകള്‍. പി ഭാസ്‌കരന്റെ തന്റെ തന്നെ രചനയില്‍ ജി ദേവരാജന്‍ ഈണം പകര്‍ന്ന പാട്ടുകളായിരുന്നു അവ.

1967 ല്‍ കുഞ്ഞാലിമരയ്ക്കാറും റിലീസായി. ഇതില്‍ പ്രേമ എന്ന ഗായികയോടൊപ്പം ഒരു മുല്ലപ്പൂമാലയുമായ്… എന്ന യുഗ്മഗാനമാണ് ജയചന്ദ്രന്‍ പാടിയത്. പിന്നീട് മലയാളസിനിമയില്‍ താരപരിവേഷം ചാര്‍ത്തപ്പെട്ട ഒരു ഗായകനായിത്തീരാന്‍ ജയചന്ദ്രന് അധികനാള്‍ വേണ്ടിവന്നില്ല. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി പ്രമുഖരായ സംഗീതസംവിധായകര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് അനേകം ഹിറ്റുകള്‍ ഈ ഗായകന്‍ സൃഷ്ടിച്ചു.സ്വന്തമായ വലിയൊരു ആരാധക സമൂഹത്തെ തന്നെ സൃഷ്ടിച്ചു.

മലയാളഭാഷയെ ഏറ്റവും വിലമതിച്ച ജയചന്ദ്രന്‍ കവിതകളേയും ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന ഒരു കലാകാരനായിരുന്നു. പി കുഞ്ഞിരാമന്‍നായരും ചങ്ങമ്പുഴ കൃഷ്ണപിള്ളയും എഴുതിയ കാല്‍പ്പനികത തുളുമ്പുന്ന പ്രണയകവിതകളോട് വലിയ താല്‍പര്യമായിരുന്നു. തമിഴിലാകട്ടെ കവിജ്ഞര്‍ കണ്ണദാസനോടാണ് അദ്ദേഹത്തിന് പ്രിയം.

ആലാപനത്തില്‍ പുലര്‍ത്തുന്ന സ്വാഭാവികതയാണ് ജയചന്ദ്രനെന്ന ഗായകന്റെ പാട്ടുശൈലിയിലെ മറ്റൊരു സവിശേഷത. പാടുമ്പോള്‍, എല്ലാം സ്വാഭാവികമായി സുന്ദരമായി ഒഴുകിയെത്തുന്നു.ഒരു യുവഗായകനും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കാതിരുന്നതും ആ അനുപമ ശൈലി കൊണ്ടാവണം.

ക്ഷേത്രകലകളുടെ കൂടി നാടായ ഇരിങ്ങാലക്കുടയിലേക്കു താമസം മാറിയതും ചെറുപ്പത്തില്‍ മൃദംഗവായനയില്‍ പ്രാവീണ്യം നേടിയതും ജയചന്ദ്രന് ഒരു കലാകാരനെന്ന നിലയിലും കലാസ്വാദകനെന്ന വഴിയിലും വളര്‍ന്നു വികസിക്കാന്‍ വേണ്ട പശ്ചാത്തലം ഒരുക്കി. പിന്നീട് വിവാഹത്തോടെയാണ് തൃശൂരിലേക്ക് താമസം മാറിയത്.

പൂവേ പൂവേ പാലപ്പൂവേ… (ദേവദൂതന്‍), ആകാശദീപമേ… (ജോക്കര്‍), അറിയാതെ അറിയാതെ… (രാവണപ്രഭു), പൊന്നുഷസ്സിനും… (മേഘമല്‍ഹാര്‍), ഒന്നു തൊടാനുള്ളില്‍… (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), വട്ടയില പന്തലിട്ടു… (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), ആരും… (നന്ദനം), വിരല്‍ തൊട്ടാല്‍ വിരിയുന്ന…(ഫാന്റം), വാ വാ വോ വാവേ… (എന്റെ വീട് അപ്പൂന്റേം), നീയൊരു പുഴയായ്… (തിളക്കം), എന്തേ ഇന്നും വന്നീലാ… (ഗ്രാമഫോണ്‍), കണ്ണില്‍ കണ്ണില്‍ മിന്നും… (ഗൗരീശങ്കരം), ആലിലത്താലിയില്‍… (മിഴി രണ്ടിലും), സ്വയംവര ചന്ദ്രികേ… (ക്രോണിക് ബാച്ലര്‍), അഴകേ കണ്മണിയേ… (കസ്തൂരിമാന്‍), നീ മണിമുകിലാടകള്‍… (വെള്ളിത്തിര), കല്ലായിക്കടവത്തെ… (പെരുമഴക്കാലം), കണ്ണും നട്ടു കാത്തിരുന്നിട്ടും… (കഥാവശേഷന്‍), ആരാരും കാണാതെ… (ചന്ദ്രോത്സവം), വെണ്‍മുകിലേതോ… (കറുത്ത പക്ഷികള്‍), ആലിലക്കാവിലെ… (പട്ടാളം), നനയും നിന്‍ മിഴിയോരം… (നായിക), ശാരദാംബരം… (എന്ന് നിന്റെ മൊയ്തീന്‍) എന്നിവയൊക്കെ 2000 മുതല്‍ ജയചന്ദ്രന്‍ വ്യക്തിഗതമായോ യുഗ്മമായോ പാടി ആസ്വാദകഹൃദയങ്ങളെ രസിപ്പിച്ച ഹിറ്റ് ഗാനങ്ങളാണ്.

അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന് 2021ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 1965ല്‍ ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്റെ രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ്’ എന്ന ഗാനം പാടിക്കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവേശിച്ച ജയചന്ദ്രന്‍, വിവിധ ഭാഷകളിലായി പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചുതവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പി.ജയചന്ദ്രന്‍ അനശ്വരമാക്കിയ ചില പ്രണയഗാനങ്ങള്‍:

1.വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടൂ

2.നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ നീലനീരാളമായ് ഞാന്‍

3.ആരാരും കാണാതെ ആരോമല്‍ തൈമുല്ല

4.രാജീവനയനേ നീയുറങ്ങൂ

5.നിന്‍പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം

6.മധുചന്ദ്രികയുടെ ചായത്തളികയില്‍ മഴവില്‍പ്പൂങ്കൊടി ചാലിച്ചൂ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker