കൊച്ചി:പ്രമുഖ വ്യവസായി എം.എ യുസഫലിയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത് ആദ്യം കണ്ടതും രക്ഷാപ്രവർത്തനത്തിനായി ആദ്യം ഓടിയെത്തിയതും സമീപവാസിയായ രാജേഷും ഭാര്യയും ആണ്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ അത് യൂസഫലിയായിരുന്നുവെന്ന് രാജേഷിന് അറിയില്ലായിരുന്നു. പിന്നീടാണ് ടെലിവിഷനിൽ മാത്രം കണ്ടുപരിചയമുഉള്ള മുഖം രാജേഷ് തിരിച്ചറിഞ്ഞത്.
രാജേഷിന്റെ വാക്കുകൾ:
പതിവില്ലാതെ ഹെലികോപ്റ്റർ താഴ്ന്ന് പറക്കുന്നത് കണ്ടാണ് ഞാനും ഭാര്യയും ശ്രദ്ധിച്ചത്. പെട്ടെന്ന് ഹെലികോപ്റ്റർ ചതുപ്പിലേക്ക് വിലിയ ശബ്ദത്തോടെ നേരെ വീഴുകയായിരുന്നു. ഹെലികോപ്റ്ററിന്റെ പ്രൊപ്പെല്ലർ നിന്നശേഷം ഭാര്യയും ഞാനും കൂടി ഓടി ഹെലികോപ്റ്ററിന്റെ അടുത്തെത്തി. അപ്പോൾ പൈലറ്റ് പുറത്തിറങ്ങിവരുന്നതാണ് കണ്ടത്. ബാക്കിയുണ്ടായിരുന്നവർ പേടിച്ച് ഹെലികോപ്റ്ററിൽ തന്നെ ഇരിക്കുകയായിരുന്നു.
ആദ്യം ഇറങ്ങാൻ പറഞ്ഞിട്ടും ഇറങ്ങിയില്ല. പിന്നീട് ഞാനും കൂടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് താങ്ങിപ്പിടിച്ച് ചതുപ്പിൽ നിന്ന് മാറ്റി. അപ്പോഴേക്കും ഭാര്യ കസേര എടുത്തുകൊണ്ടുവന്നു. ആദ്യം യൂസഫലി ഇരിക്കാൻ വിസമ്മതിച്ചു. നടുവിന് വേദനയുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. അതായിരിക്കാം ഇരിക്കാൻ വിസമ്മതിച്ചത്. പിന്നീട് ഇരുന്നു. അപ്പോഴും കോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് യുസഫലിയുടെ ഭാര്യയെയും പുറത്തെത്തിച്ചു. എന്റെ ഭാര്യ പോലീസ് കോൺസ്റ്റബിൾ ആണ്. അവർ സ്റ്റേഷനിലേക്ക് വിളിച്ചു.
ഉടനെ അവിടെ നിന്ന് വണ്ടി വന്നു. എല്ലാവരും നന്നായി പേടിച്ച അവസ്ഥയിലായിരുന്നു. യുസഫലിയും ഭാര്യയും ഒഴികെയുള്ളവർ പിപിഇ കിറ്റ് ധരിച്ചിരുന്നു. സംഭവ സമയത്ത് കാറ്റും മഴയും ഉണ്ടായിരുന്നുവെന്നും രാജേഷ് വ്യക്തമാക്കി
https://youtu.be/ZXGwecgnzl4
ഇന്ന് രാവിലെയാണ് പ്രമുഖ വ്യവസായി എം എ യൂസഫലിയും കുടുംബവും ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതകരാമയി രക്ഷപ്പെട്ടത്. യുസഫ് അലി സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തരാറിനെതുടർന്നു ചതുപ്പിൽ ഇടിച്ചിറക്കി. കൊച്ചി പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്നതിനു തൊട്ട് മുൻപായിരുന്നു അപകടം. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂസഫലി അടക്കം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകൾ ഇല്ലെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പൈലറ്റുമാരുൾപ്പെടെ ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യൂസഫലി. ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനാണ് പോയതെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
സാങ്കേതിക തകരാര്‍ കാരണം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നാണ് വിശദീകരണം. ഹെലികോപ്റ്റർ പവർ ഫെയ്‌ലർ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പനങ്ങാട് സിഐ പ്രതികരിച്ചു. ആർക്കും പരിക്കില്ല. പൈലറ്റുമായി സംസാരിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും സിഐ കൂട്ടിച്ചേര്‍ത്തു. യൂസഫലിയെ മുറിയിലേക്ക് മാറ്റി. നേരിയ നടുവേദന ഉണ്ടെന്ന് അറിയിച്ചതിനാൽ സ്കാനിങ്ങിന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.