'ലൂസിഫർ' സിനിമക്കുള്ള കഥയല്ലായിരുന്നു, അതൊരു വെബ്സീരീസാണ്; ആ സിനിമയുടെ രണ്ടാം ഭാഗവും മനസിലുണ്ട്
പൃഥ്വിരാജ്- മുരളി ഗോപി കൂട്ടുകെട്ട് വലിയ വിജയമായിരുന്നു. വീണ്ടും ആ മഹാചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷകരും ഏറെ ആകാംഷയിലാണ്. ചിത്രം ഡിസംബറിലാണ് റിലീസിനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിന്റെ ഒരു ബ്രഹ്മാണ്ഢ ചിത്രം തന്നെയാവും എമ്പുരാൻ എന്ന കാര്യത്തിൽ സംശയമില്ല. കൂടുതൽ വിശേഷങ്ങളുമായി ക്ലബ് എഫ് എം ലൂടെ മുരളി ഗോപി സംസാരിക്കുന്നു.
“ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയിൽ തീർച്ചയായും എമ്പുരാൻ ചിത്രത്തിന് നല്ല പ്രതീക്ഷയുണ്ടാവുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ കൂടുതൽ അതിനെ കുറിച്ച് സംസാരിക്കുന്നില്ല. പ്രേക്ഷകർ കണ്ട് വിധി എഴുതട്ടെ.” മുരളി ഗോപി പറഞ്ഞു. ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്തെങ്കിലും മലയാളത്തിന്റെ ക്ലാസിക് ലെവൽ മറ്റാർക്കും റീക്രിയേറ്റ് ചെയ്യുക എന്നത് അസാധ്യമാണ്.
ലൂസിഫർ ആദ്യം 12 എപ്പിസോഡുകളുള്ള വെബ്സീരീസുകളായി ചെയ്യാനൊരു പ്ലാൻ ഉണ്ടായിരുന്നെന്ന് മുരളി ഗോപി പറഞ്ഞിട്ടുണ്ട്. അന്ന് ആ സാധ്യതകൾ ഇന്ത്യയിൽ അത്ര പോപ്പുലർ ആയിരുന്നില്ല. ഒരുപക്ഷേ ഇന്നായിരുന്നു എങ്കിൽ വേൾഡ് വൈഡായി ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വെബ്സീരീസായി റിലീസ് ചെയ്യാനുള്ള കണ്ടന്റ് ഉണ്ടായിരുന്നു. ആ കഥയാണ് മൂന്ന് ഭാഗങ്ങളുള്ള സിനിമയാക്കി പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.
“ഞാൻ യുഎസിൽ ഉള്ളപ്പോൾ വെബ്സീരീസ് ആക്കിയാലോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. അവിടെ ആ സമയത്ത് സീരീസുകൾ ധാരാളം റിലീസ് ചെയ്യുന്നുണ്ട്. അത്തരത്തിൽ 12 എപ്പിസോഡുകളായി ഇറക്കാനായിരുന്നു മനസിൽ. പിന്നീട് അത് സിനിമയാക്കുകയായിരുന്നു. എന്റർടെയ്ൻമെന്റിന് പ്രാധാന്യം കൊടുക്കുമ്പോഴും സമകാലി വിഷയങ്ങളെ ചൂണ്ടിക്കാണിക്കുന്ന ശക്തമായ കഥയും എമ്പുരാനിലുണ്ട്. കണ്ടന്റിന് അത്രക്കും പ്രാധാന്യം ചിത്രത്തിനുണ്ട്.” മുരളി പറഞ്ഞു.
“ലൂസിഫറിന്റെ മൂന്നാം ഭാഗം മനസിൽ ഉണ്ട്. പക്ഷേ എഴുത്തിലേക്ക് രൂപപ്പെടുത്തിയിട്ടില്ല. ആദ്യം എമ്പുരാൻ റിലീസ് ചെയ്യട്ടെ. അതിന്റെ പ്രേക്ഷക പ്രതികരണം ആദ്യം അറിയണം. അതിനു ശേഷമേ മൂന്നാം ഭാഗം എഴുതണോ എന്ന് തീരുമാനിക്കുള്ളൂ. ഇതിനു മുന്നേ കമ്മാര സംഭവത്തിന് രണ്ടാം ഭാഗം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ തിയേറ്ററിൽ ആ ചിത്രത്തിന് അത്ര പ്രതികരണം നേടാൻ സാധിച്ചില്ല. അതു കൊണ്ടാണ് രണ്ടാം ഭാഗം വേണ്ടെന്ന് തീരുമാനിച്ചത്.” മുരളി ഗോപി കൂട്ടിച്ചേർത്തു.
ലൂസിഫറിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ പൃഥ്വിരാജിന് മോഹൻലാലിന്റെ ചില മാനറിസങ്ങൾ വന്നിരുന്നെന്ന് പറഞ്ഞിരുന്നു. “മോഹൻലാൽ ആ വർക്കിനോട് കാണിക്കുന്ന സമീപനം, ഡിസിപ്ലിൻ പിന്നെ അദ്ദേഹത്തിന്റെ സിബ്ലിസിറ്റി എല്ലാം പ്രശംസനീയമാണ്. ഏത് സാഹചര്യത്തിലും വർക്ക് ചെയ്യാൻ അദ്ദേഹത്തിന് മടിയില്ല. സൗകര്യക്കുറവുള്ള സാഹചര്യം ആണെങ്കിൽ പോലും അതിനൊന്നും ഒരു പരാതി പോലും പറയാതെയാണ് അദ്ദേഹം നമ്മളോട് പെരുമാറുന്നത്. ഇത്രയും വലിയ സ്റ്റാർഡം ഉള്ളൊരാൾ ഇങ്ങനെയെല്ലാം ചെയ്യുന്നത് അത്ഭുതമാണ്. അത് ശരിക്കും ഇൻസ്പിരേഷൻ തന്നെയാണ്.”
“ഞാൻ ഇന്ത്യൻ എക്സ്പ്രസിൽ ഉള്ളപ്പോഴാ ആദ്യമായി പൃഥ്വിയെ കാണുന്നത്. അപ്പോൾ സ്റ്റുഡന്റായിരുന്നു അദ്ദേഹം. എന്നാൽ പ്രൊഫഷണലി, ഞങ്ങൾക്കിടയിൽ സംസാരം ഉണ്ടാവുന്നത് ടിയാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു. അവിടുന്നാണ് ഒരുമിച്ച് സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നത്.” മുരളി സംസാരിച്ചു. എമ്പുരാൻ ഒരു വലിയ വിജയം ആയാൽ മോളിവുഡിനെ ലോകസിനിമയുടെ ഗ്രാഫിലേക്ക് ഉയർത്താൻ കെൽപ്പുള്ള ഐറ്റമായിരിക്കും.