CrimeKeralaNews

കോട്ടയത്ത് ലോട്ടറിക്കടയിൽ കവർച്ച; എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷണംപോയി

കോട്ടയം: ഈരാറ്റുപേട്ടയിൽ ലോട്ടറിക്കടയിൽനിന്ന് എട്ട് ലക്ഷം രൂപയുടെ ടിക്കറ്റുകൾ മോഷ്ടിച്ചു. മഹാദേവ ലോട്ടറിക്കടയിലായിരുന്നു കവർച്ച. തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം ഗാന്ധിനഗറിൽ അന്ധയായ ലോട്ടറി വിൽപ്പനക്കാരിയിൽ നിന്നും ലോട്ടറിയും പണവും തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരുന്നു. ഗാന്ധിനഗർ എസ്.എം.ഇ കോളജിന് സമീപത്തായി ലോട്ടറി വിൽപ്പന  നടത്തിയിരുന്ന അയ്മനം സ്വദേശിനി കുഞ്ഞുമോളുടെ പക്കൽ നിന്നുമാണ് സഹായിക്കാനെന്ന വ്യാജേന പണവും ലോട്ടറിയും തട്ടിയെടുത്തത്.

അന്ധയായ കുഞ്ഞുമോളും സഹോദരിയും എസ്.എം.ഇ കോളജിനു സമീപത്താണ് ലോട്ടറി കച്ചവടം നടത്തുന്നത്. സഹോദരി ഒപ്പം ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കുഞ്ഞുമോളുടെ കൂട്ടുകാരിയുടെ ഭർത്താവ് കൂടിയായ പ്രതി വിറ്റു നൽകാമെന്ന് പറഞ്ഞ് ലോട്ടറിയും പണവും പിടിച്ച് വാങ്ങുകയായിരുന്നു.

മുമ്പും പ്രതി ഇത്തരത്തിൽ ഇവരുടെ കയ്യിൽനിന്നും ലോട്ടറി വാങ്ങി സമീപത്തുനിന്ന് വിറ്റ് പണം നൽകാറുണ്ടായിരുന്നു. ഈ വിശ്വാസത്താലാണ് കുഞ്ഞുമോൾ ലോട്ടറിയും പണവും നൽകിയത്. എന്നാൽ ഏറെ നേരം നോക്കിയിരിന്നിട്ടും  തിരികെ എത്താതിരുന്നപ്പോഴാണ് പണവും ലോട്ടറിയും തട്ടിയെടുത്ത് മുങ്ങിയതാണെന്ന് മനസിലായത്.

ഒരുമാസത്തെ നിയമപോരാട്ടത്തിനൊടുവിൽ സുകുമാരിയമ്മ ലക്ഷാധിപതിയായ ആയ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏജന്റ്‌ തട്ടിയെടുത്ത ഒരു കോടിയുടെ ഭാഗ്യം കോടതി ഇടപെടലിലൂടെയാണ് സുകുമാരിയമ്മയ്ക്കു തിരികെക്കിട്ടിയത്.സ്ഥിരമായി ലോട്ടറി എടുത്തിരുന്ന വിശ്വസ്തനായ വിൽപ്പനക്കാരൻ ഒന്നാം സമ്മാനം നേടിയ ഭാഗ്യക്കുറി സ്വന്തമാക്കിയപ്പോൾ, മ്യൂസിയത്തിനടുത്ത്‌ വഴിയോരക്കച്ചവടക്കാരിയായ സുകുമാരിയമ്മ നിയമപോരാട്ടത്തിലൂടെ തന്റെ ഭാഗ്യം തിരികെപ്പിടിക്കുകയായിരുന്നു.

കഴിഞ്ഞമാസം 14-നായിരുന്നു പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനിൽനിന്ന്‌ ഒരു കോടിയുടെ ഫിഫ്റ്റി-ഫിഫ്‌റ്റിയുടെ 12 ടിക്കറ്റുകൾ വാങ്ങിയത്. 15-നു നടത്തിയ നറുക്കെടുപ്പിലായിരുന്നു സുകുമാരിയമ്മയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ, ഇക്കാര്യം കണ്ണൻ അറിയിച്ചില്ല. പകരം എടുത്ത 12 ടിക്കറ്റിനും 100 രൂപവീതം സമ്മാനം അടിച്ചെന്നുപറഞ്ഞ് 500 രൂപയും 700 രൂപയ്ക്ക് ലോട്ടറി ടിക്കറ്റുകളും നൽകി.

നറുക്കെടുത്ത എഫ്.ജി.348828 ടിക്കറ്റ് കൈക്കലാക്കുകയും ചെയ്തു. പരിചയക്കാരനായ മറ്റൊരു ലോട്ടറി വിൽപ്പനക്കാരൻ വഴിയാണ് ഇക്കാര്യം സുകുമാരിയമ്മ അറിഞ്ഞത്. തുടർന്ന് മ്യൂസിയം പോലീസിൽ പരാതിപ്പെടുകയായിരുന്നു. നിയമപോരാട്ടത്തിനൊടുവിലാണ്‌ ടിക്കറ്റ് സുകുമാരിയമ്മയ്ക്കു തിരികെ നൽകാൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ചശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള 63 ലക്ഷം രൂപ ഉടൻ സുകുമാരി അമ്മയ്ക്കു കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button