ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. കോവിഡ് കേസുകളുടെ കുത്തനെയുള്ള വര്‍ധനവില്‍ ഡല്‍ഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ താറുമാറായി കിടക്കുന്ന സ്ഥിതിയില്‍ ലോക്ഡൗണ്‍ നീട്ടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഉത്തരവിറക്കിയേക്കും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
അതേസമയം, ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായി ഡല്‍ഹിയിലെ ആശുപത്രികളില്‍ കൂട്ടമരണങ്ങള്‍ക്കു വഴിവെച്ചതോടെ അദ്ദേഹം സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ഥിച്ചിരുന്നു. മെഡിക്കല്‍ ഓക്സിജന്‍ അധികമുണ്ടെങ്കില്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും അതൊന്നും തികയാത്ത തരത്തിലുള്ള കോവിഡ് പ്രതിസന്ധിയാണുള്ളതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.