'ബജറ്റ് 20 കോടിക്ക് മുകളില്‍, ഒടിടിയില്‍ ഇതുവരെ പോയില്ല'; നിര്‍മ്മിച്ച് ചിത്രത്തെക്കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി:മലയാള സിനിമയുടെ ഒടിടി മാര്‍ക്കറ്റ് നിലവില്‍ തളര്‍ച്ചയുടെ ഘട്ടത്തിലാണ്. കൊവിഡ് കാലത്ത് സംഭവിച്ച ഒടിടിയുടെ കുതിപ്പില്‍ മലയാള സിനിമയ്ക്കും നേട്ടമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ തിയറ്ററില്‍ വിജയിക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രമാണ് ഒടിടി ഡീല്‍ ലഭിക്കുന്നത്. മലയാള സിനിമയിലെ ഒടിടി ബിസിനസ് പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ നിര്‍മ്മിച്ച രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന ചിത്രത്തിന്‍റെ കാര്യം ഉദാഹരിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
ചിത്രത്തിന്‍റെ കാര്യം മുന്‍പും ലിസ്റ്റിന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ബജറ്റ് അടക്കം ഇപ്പോള്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ബോസ് ആന്‍ഡ് കോ എന്ന സിനിമ 20 കോടിക്ക് മുകളില്‍ മുടക്കുമുതല്‍ ഉള്ള സിനിമയാണ്. ആ സിനിമയൊക്കെ നമ്മള്‍ പ്ലാന്‍ ചെയ്തപ്പോള്‍ ഇത്ര രൂപയ്ക്ക് ഒടിടി റൈറ്റ്സ് വിറ്റുപോകേണ്ട സിനിമയായിരുന്നു. അത് പല കാരണങ്ങള്‍ കൊണ്ട് വിറ്റില്ല.
ആ സിനിമ പോലും ഒടിടിയില്‍ പോയില്ല എന്നാണ് ഞാന്‍ പറയുന്നത്, ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു. താന്‍ സഹനിര്‍മ്മാതാവ് ആവുന്ന പുതിയ ചിത്രം ഇഡിയുടെ പ്രൊമോഷന്‍റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
താരങ്ങളുടെയടക്കം പല സിനിമകളും ഇന്ന് ഒടിടിയില്‍ പോകുന്നത് പേ പെര്‍ വ്യൂവിനാണ്. മുന്‍പ് 10 കോടി, എട്ട് കോടി, അഞ്ച് കോടി എന്നിങ്ങനെയുള്ള സമവാക്യത്തിലായിരുന്നു പോയിരുന്നത്. ഇപ്പോള്‍ അതില്ല. ഏത് താരത്തിന്‍റെ സിനിമ ആയാലും ഇതുകൊണ്ട് എത്ര രൂപയുടെ ബിസിനസ് നടക്കുമെന്ന് ഒരു നിര്‍മ്മാതാവിനും ഇപ്പോള്‍ പറയാന്‍ സാധിക്കുന്നില്ല.
ഇപ്പോള്‍ ആ അവസ്ഥയിലൂടെയാണ് സിനിമ പൊയ്ക്കൊണ്ടിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയുഗം, എആര്‍എം, ബോഗയ്ന്‍വില്ല അടക്കം ആഫ്റ്റര്‍ റിലീസ് ആയാണ് ഒടിടി ബിസിനസ് നടന്നിരിക്കുന്നത്, ലിസ്റ്റിന്‍ പറയുന്നു.
നിര്‍മ്മാതാക്കള്‍ക്ക് ഒടിടി അടക്കമുള്ള സാധ്യതകളിലൂടെ കൂടുതല്‍ വരുമാനമുണ്ടായിരുന്ന സമയത്ത് താരങ്ങള്‍ പ്രതിഫലം കൂട്ടിയെന്നും ഒടിടി ബിസിനസിന്‍റെ കാലം കഴിഞ്ഞിട്ടും പ്രതിഫലം അവിടെത്തന്നെ നില്‍ക്കുകയാണെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നു.