KeralaNews

കേരളത്തിന് അടുത്ത സിംഗപ്പൂരാകാൻ സാധ്യത,വിഴിഞ്ഞം സംസ്ഥാനത്തിന് വരുത്താന്‍ പോകുന്നത് വമ്പന്‍ മാറ്റം; നിക്ഷേപസംഗമത്തില്‍ കേരളത്തിന്റെ കുതിച്ചുചാട്ടം പ്രവചിച്ച് നിക്ഷേപകര്‍

കൊച്ചി: വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അടുത്ത സിംഗപ്പൂരാകാനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ടെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ (ഐ കെ ജി എസ് 2025) പങ്കെടുത്ത വിദഗ്ധര്‍. അനുകൂല നയങ്ങളും ഫലപ്രദമായ ആവാസവ്യവസ്ഥയും ഇതിനായി രൂപപ്പെടുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ‘കേരളം: വലിയ അവസരങ്ങളുടെ ചെറിയ ലോകം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

നീതി ആയോഗ് മുുന്‍ സി ഇ ഒയും ജി 20 ഷെര്‍പ്പയുമായ അമിതാഭ് കാന്ത് മോഡറേറ്ററായിരുന്ന ചര്‍ച്ചയിലാണ് വിഴിഞ്ഞം ആഴക്കടല്‍ തുറമുഖത്തിന്‍റെ അനന്തമായ സാധ്യതകളെ സംബന്ധിച്ചുള്ള വിദഗ്ധരുടെ ആശയങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. 1980 കളുടെ തുടക്കത്തില്‍ കേരളത്തിന്‍റെ പ്രതിശീര്‍ഷ വരുമാനം സിംഗപ്പൂരുമായി താരതമ്യം ചെയ്യാനാകുന്ന നിലയില്‍ ആയിരുന്നെങ്കിലും നാല് പതിറ്റാണ്ടിന് ശേഷം സിംഗപ്പൂരിന്‍റെ വരുമാനം 90,000 ഡോളറായി ഉയര്‍ന്നു.

ആഗോള വ്യാപാരത്തിലെ മാറ്റങ്ങളും സാങ്കേതികവിദ്യയുടെ വികസനവും വിഴിഞ്ഞം തുറമുഖവുമെല്ലാം കേരളത്തിന് വമ്പന്‍ മാറ്റങ്ങള്‍ക്ക് അവസരമൊരുക്കുന്നതായി പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവനുമാണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രയോജനം ലഭിക്കുകയെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് സി ഇ ഒ അശ്വനി ഗുപ്ത പറഞ്ഞു. രാജ്യത്തിന്‍റെ 90 ശതമാനം വ്യാപാരവും നടക്കുന്നത് തുറമുഖങ്ങളിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

193 കിലോമീറ്റര്‍ കടല്‍ത്തീരം മാത്രമാണ് സിംഗപ്പൂരിനുള്ളത്, എങ്കിലും പ്രതിവര്‍ഷം 40 ദശലക്ഷം ടി ഇ യു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നു. അതില്‍ 90 ശതമാനവും ട്രാന്‍സ്ഷിപ്മെന്‍റുകളാണ്. കേരളത്തിന് 600 കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്, എന്നാലിവിടെ 3.5 ദശലക്ഷം ടി ഇ യു മാത്രമാണ് കൈകാര്യം ചെയ്യുന്നത്. അന്താരാഷ്ട്ര കപ്പല്‍പ്പാതയോട് ചേര്‍ന്നാണ് വിഴിഞ്ഞം തുറമുഖം എന്നതിനാല്‍ തന്നെ സമയവും ചെലവും കുറയക്കാന്‍ സാധിക്കും. ഇതിലൂടെ മികച്ച അവസരങ്ങളാണ് സംസ്ഥാനത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഭാവി വികസനങ്ങള്‍ക്ക് ഐടി മേഖലയുടെ പങ്ക് നിര്‍ണായകമാണെന്ന് ഗൂഗിള്‍ ക്ലൗഡ് അപാക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശശികുമാര്‍ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്ലോക്ക്ചെയിന്‍, ജനറേറ്റീവ് എഐ, സൈബര്‍ സെക്യൂരിറ്റി, ഇന്‍ഡസ്ട്രി 4.0 തുടങ്ങി ഏഴോളം പുതിയ സാങ്കേതിക മേഖലകള്‍ കൂടിയുണ്ട്. കേരളത്തിന് മികച്ച അവസരങ്ങളാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന മറ്റ് പലരുമുണ്ടെങ്കിലും സംസ്ഥാനത്തെ ഐടി പ്രതിഭകള്‍ക്ക് ഇതിന്‍റെ നേട്ടം കൊയ്യാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണക്റ്റിവിറ്റി, കമ്പ്യൂട്ടിംഗ്, എഐ, റോബോട്ടിക്സ് തുടങ്ങിയ രംഗങ്ങളില്‍ ആഗോളതലത്തില്‍ മത്സരിക്കാനുള്ള കഴിവ് കേരളത്തിനുണ്ടെന്ന് ജിയോ പ്ലാറ്റ്ഫോംസ് സിഇഒ മാത്യു ഉമ്മന്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് ലഭ്യതയിലും വന്‍ കുതിച്ചുചാട്ടമാണ് സംസ്ഥാനത്തുളളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന് മാത്രമായി ഒരു എല്‍എല്‍എം (ലാര്‍ജ് ലാംഗ്വേജ് മോഡല്‍) വികസിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് വൈദഗ്ധ്യവും കഴിവുമുണ്ട്. നൂതന പരിഹാരങ്ങളും ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ കഴിയുന്ന ശക്തിയായി അവര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് സ്ഥിരതയുള്ള എക്സൈസ് നയം വേണമെന്ന് എബി ഇന്‍ബെവ് വൈസ് പ്രസിഡന്‍റ് അനസൂയ റായ് പറഞ്ഞു.

ബിയര്‍ പോലെ ആല്‍ക്കഹോള്‍ അളവ് കുറവുള്ള മദ്യത്തിന്‍റെ ഉപഭോഗം രാജ്യത്ത് വര്‍ധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അറിയപ്പെടുന്നതിനുള്ള നടപടികള്‍ കേരളം സ്വീകരിക്കണമെന്ന് എച്ച്സിഎല്‍ ടെക്നോളജീസ് പ്രസിഡന്‍റ് അനില്‍ ഗഞ്ജു അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker