ഇനി ആത്മീയ നാളുകളെ വരവേൽക്കാം; അഭ്യൂഹങ്ങൾക്കിടെ അമൃതയുടെ കുറിപ്പ്
കൊച്ചി:ഗായിക അമൃത സുരേഷിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാണ്. സ്റ്റാർ സിംഗർ വേദി മുതൽ അമൃതയുടെ ജീവിതത്തിലെ ഉയർച്ചയും താഴ്ചയുമെല്ലാം പ്രേക്ഷകർ കാണുന്നതാണ്. പിന്നണി ഗാനരംഗത്ത് അമൃതയ്ക്ക് വർഷങ്ങൾക്കിപ്പുറവും വലിയ തോതിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സമകാലീനരായ മറ്റേത് ഗായികയേക്കാളും അമൃതയുടെ വ്യക്തി ജീവിതം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
നടൻ ബാലയുമായുള്ള വിവാഹം, വിവാഹ മോചനം, ഇതിന് പിന്നാലെ വന്ന ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയവയെല്ലാം വർഷങ്ങളോളം അമൃതയെ വലച്ചു. കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് ഈ പ്രതിസന്ധികൾ അമൃത അതിജീവിച്ചത്. പ്രത്യേകിച്ചും മകൾ അവന്തികയുടെ സാന്നിധ്യം അമൃതയ്ക്ക് മുന്നോട്ടേക്ക് നീങ്ങാൻ ശക്തി നൽകി. ആദ്യ വിവാഹബന്ധം പിരിഞ്ഞതിന് ശേഷമുള്ള വിവാദങ്ങൾ അവസാനിക്കെയാണ് അമൃത സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അടുക്കുന്നത്.
ഭർത്താവ് എന്നാണ് ഗോപിയെ അമൃത വിളിക്കുന്നതെങ്കിലും ഇവർ വിവാഹിതരാണോ എന്ന് വ്യക്തമല്ല. അമൃതയേക്കാൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ് ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം. ആദ്യ വിവാഹബന്ധം പരാജയപ്പെട്ടത്, ഗായിക അഭയ ഹിരൺമയിയുമായുള്ള ബന്ധം, പിന്നീടുണ്ടായ പിരിയൽ തുടങ്ങിയ കാരണങ്ങളാണ് ഗോപി സുന്ദറിനെ എപ്പോഴും വാർത്തകളിൽ നിറച്ചത്. അമൃതയും ഗോപി സുന്ദറും ഒരുമിച്ചതോടെ ഗോസിപ്പുകളുടെ ആക്കം കൂടി.
എന്നാൽ ഇതൊന്നും ഗൗനിക്കാതെ ഇരുവരും തങ്ങളുടെ ബന്ധം ആഘോഷിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായി. എന്നാൽ അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. ഇൻസ്റ്റഗ്രാമിൽ അമൃതയെ ഗോപി സുന്ദർ അൺ ഫോളോ ചെയ്തിട്ടുണ്ട്. പ്രണയത്തിലാണെന്ന് അറിയിച്ച് കൊണ്ടിട്ട പോസ്റ്റും കാണാനില്ല. എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്ത് പോസ്റ്റുകളിട്ടിരുന്ന അമൃത ഇപ്പോൾ അതും നിർത്തി. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ കടുത്തത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കർക്കടക മാസത്തെ വരവേറ്റ് കൊണ്ടാണ് അമൃത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 15 വർഷം മുമ്പ് ഒരു കർക്കടക മാസത്തിലാണ് താൻ സൗമിത്രേ എന്ന ഭക്തി ഗാനം പാടിയതെന്ന് അമൃത കുറിപ്പിൽ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു ഇതെന്നും അമൃത ഓർത്തു.
മധുരമായ ഈ ഹൈന്ദവ ഭക്തി ഗാനം കാലാതീതമായ വരികൾ കൊണ്ടും ഈണം കൊണ്ടും എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിച്ചു. ഇത്രയും വലിയ ഹിറ്റാകുമെന്ന് അന്ന് അറിയില്ലായിരുന്നില്ല. ഇന്ന് ഈ ഭക്തി സാന്ദ്രമായ യാത്രയെ ഞാൻ നന്ദിയോടെ ഓർക്കുന്നു. ആത്മീയ വളർച്ചയും ദൈവിക സത്തയിൽ ആശ്വാസം കണ്ടെത്താനുമായി ഹൃദയം തുറന്ന് കർക്കടകമാസത്തെ വരവേൽക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് അമൃത കുറിപ്പ് അവസാനിപ്പിച്ചത്.
പോസ്റ്റിന് താഴെ നിരവധി പേർ അമൃതയ്ക്ക് നേരെ പരിഹാസങ്ങളുമായെത്തി. ഗോപി സുന്ദറുമായി പിരിഞ്ഞെന്ന് കേട്ടല്ലോ, എന്താെക്കെയായിരുന്നു കാട്ടിക്കൂട്ടലുകളെന്നാണ് ചിലരുടെ കമന്റുകൾ. പൊതുവെ അഭ്യൂഹങ്ങൾ കടുത്താൽ അമൃതയോ കുടുംബവോ വിഷയത്തോട് പ്രതികരിക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായിട്ടില്ല. ഒരുമിച്ച് ജീവിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരുവർഷം പിന്നിടവെയാണ് ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹം പരക്കുന്നത്. 2022 മെയ് മാസം 26 നാണ് ഗോപി സുന്ദറും അമൃതയും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.