KeralaNews

സമസ്ത-ലീഗ് തർക്കം പരസ്യപ്പോരിലേക്ക്; ഉമ‌ർ ഫൈസിക്ക് മറുപടി നൽകാൻ എടവണ്ണപ്പാറയിൽ പൊതുയോഗം

കോഴിക്കോട്: സമസ്തയും മുസ്‍ലിം ലീഗും തമ്മിലുള്ള തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക്. സാദിഖലി തങ്ങളുടെ പാണ്ഡിത്യം ചോദ്യംചെയ്ത സമസ്ത സെക്രട്ടറി ഉമ‌ർ ഫൈസി മുക്കത്തിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് മറുവിഭാഗം. ഇതിനായി സമസ്ത കോർഡിനേഷൻ കമ്മിറ്റി ഇന്ന് എടവണ്ണപ്പാറയിൽ സംഘടിപ്പിക്കുന്ന പൊതുയോഗം യുദ്ധപ്രഖ്യാപനം തന്നെയാകും. ഉമർ ഫൈസിയെ പുറത്താക്കണമെന്ന ആവശ്യം യോഗത്തിലുയരും.

അതേസമയം സമസ്തയുടെ പണ്ഡിത സഭയായ മുശാവറയിലെ ലീഗ് വിരുദ്ധ പക്ഷം ഉമർ ഫൈസിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉമർ ഫൈസിക്കും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരായ ദുഷ്പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നാണ് സംയുക്ത പ്രസ്താവന. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾപ്പെടെയുള്ളവർ ഇതിന് കൂട്ടുനിൽക്കുന്നു. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയക്കാരാണ് സമസ്തയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞാണ് ലീഗ് വിരുദ്ധ പക്ഷത്തിന്റെ പ്രതിരോധം.

അതേസമയം എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യംചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തിൽ അനൈക്യമുണ്ടാക്കും. ഉമർ ഫൈസിക്ക് തിരുത്തേണ്ടി വരുമെന്നും നാട്ടിൽ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാൻ ശ്രമിച്ചാൽ, അങ്ങനെ ശ്രമിക്കുന്നവർ ചെറുതാവുമെന്നും വിമർശനമുയർന്നു. 

‘ഖാസി ആകണമെന്ന് ചിലർ, രാഷ്ട്രീയത്തിന്റെ പേരിൽ ഖാസി ആക്കാൻ ചിലർ, ഇതിന് സമസ്തയിൽ നിന്ന് ചിലർ പിന്തുണയും നൽകുന്നു’ എന്നാണ് ഉമർ ഫൈസി സാദിഖലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചത്. ഖാസിയാകാൻ ഇസ്ലാമിക നിയമങ്ങൾ ഉണ്ട്. അത് പാലിക്കാതെ പലരും ഖാസി ആകുന്നുണ്ട്.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ജനങ്ങളോട് ചിലത് തുറന്ന് പറയുമെന്നും ഉമർ ഫൈസി മുക്കം അറിയിച്ചു.  ആരെയും പേടിച്ചിട്ടല്ലെന്നും ജനങ്ങൾക്ക് ഇടയിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമസ്തക്ക് എതിരെ പലതും ആഘോഷിക്കുന്നുണ്ട്. സിഐസി വിഷയത്തിൽ സമസ്ത പറഞ്ഞത്  അംഗീകരിക്കുന്നില്ല. സമസ്തയെ വെല്ലുവിളിച്ചു പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും ഉമർ ഫൈസി കുറ്റപ്പെടുത്തി. ഈ പരാമർശങ്ങളെ ചൊല്ലിയാണ് സമസ്ത – ലീഗ് പരസ്യപ്പോര്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker