കൊച്ചി:മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. കർണാടക്കാരിയായ ലക്ഷ്മിയോട് മലയാളി പ്രേക്ഷകർ എന്നും പ്രത്യേക മമത കാണിച്ചിട്ടുണ്ട്. അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മലയാളത്തിലൂടെ കടന്ന് വന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് പിന്നീട് മികച്ച അവസരങ്ങൾ മലയാളത്തിൽ നിന്നും ലഭിച്ചു. ഇന്നും സിനിമാ രംഗത്ത് ലക്ഷ്മി ഗോപാലസ്വാമി സജീവമാണ്. ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. താൻ വിവാഹം ചെയ്തെന്ന് പറഞ്ഞ് കൊണ്ട് വന്ന ഗോസിപ്പുകളെക്കുറിച്ച് ലക്ഷ്മി സംസാരിച്ചു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.
വിവാഹം ചെയ്യാൻ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാർത്ത വന്നു. എപ്പോഴും എനിക്കിത് തമാശയായാണ് തോന്നാറ്. പാവം മുകേഷേട്ടനെ വെച്ച് അവർ പറയുന്നത് എന്നെ വിവാഹം ചെയ്യാൻ പോകുന്നെന്നാണ്. മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു. മുമ്പ് എനിക്ക് ദേഷ്യം വരുമായിരുന്നു. ഇപ്പോൾ ഞാൻ വാർത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതും. വാർത്താ പ്രാധാന്യം ഇല്ലെങ്കിൽ അവർ നമ്മളെക്കുറിച്ച് എഴുതില്ല.
ഇതെല്ലാം പ്രചരിപ്പിക്കുന്നത് പ്രധാന പത്രമാധ്യമങ്ങളല്ല. അതിനാൽ ഞാൻ കാര്യമാക്കുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി. ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്തത് നല്ല തീരുമാനമായിരുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ഒരു ആക്‌ടറെന്ന നിലയിൽ എനിക്ക് ഒരു വിധത്തിൽ നന്നായിരുന്നു. കാരണം അതെന്നെ ഫ്രീയാക്കി. പൊട്ടിക്കരച്ചിലൊന്നും അതുവരെയും ഞാൻ ചെയ്തിരുന്നില്ല. പക്ഷെ ഞാൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ് ആ സിനിമ ചെയ്തത്.
എന്റെ ഇമേജിനേഷനിൽ ഈ കഥാപാത്രം വേറെ ആയിരുന്നു. സിനിമ കണ്ടപ്പോൾ ഒരു മസാല സിനിമ. എയർപോർട്ടിൽ പോകുമ്പോൾ, മാം അങ്ങനത്തെ റോളുകൾ ചെയ്യല്ലേ, നിങ്ങളെ അങ്ങനെ കാണാൻ പറ്റുന്നില്ലെന്ന് ആളുകൾ പറയും. അങ്ങനെ കുറേ സിനിമകളുണ്ട്. നോട്ടി പ്രൊഫസറും എനിക്ക് നല്ല സിനിമയായിരുന്നില്ല. അവരെ കുറ്റപ്പെടുത്തുകയല്ല. പക്ഷെ സംശയം തോന്നുകയാണെങ്കിൽ ഒരു സിനിമ ചെയ്യരുതെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.
സ്ത്രീ സമത്വത്തെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി സംസാരിച്ചു. ഞങ്ങൾ സ്ത്രീകളെ പിന്തുണയ്ക്കുന്നു, പക്ഷെ ഫെമിനിസ്റ്റ് അല്ലെന്ന് കുറേ സ്ത്രീകൾ പറയുന്നു. പക്ഷെ ഫെമിനിസം എന്ന് പറഞ്ഞാൽ പുരുഷൻമാർക്ക് എതിരല്ല. ഫെമിനിസം എന്നത് സമൂഹത്തിൽ തുല്യത വേണമെങ്കിൽ സ്ത്രീ പുരുഷന് തുല്യമായിരിക്കണം. തീരുമാനങ്ങൾ എടുക്കുന്നതിൽ പവർ വേണം. ഫെമിനിസം സമൂഹത്തിന്റെ പുരോഗതിക്ക് പ്രധാനമാണെന്നും ലക്ഷ്മി ഗോപാലസ്വാമി ചൂണ്ടിക്കാട്ടി.
താൻ വിവാഹം ചെയ്യാത്തതിനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നുണ്ട്. വിവാഹം ചെയ്ത് കുട്ടികളായി ജീവിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. സുഹൃത്തുക്കളിൽ പലരും വിവാഹിതരല്ല. ചിലപ്പോൾ തനിക്ക് ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. എന്നാൽ പരിഹാരം സ്വയം കാണണമെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി. മലയാള സിനിമകളിലും കന്നഡ സിനിമകളിലും ലക്ഷ്മി ഗോപാലാസ്വാമി ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നുണ്ട്.