ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ മാനേജ്‌മെന്റിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ഡല്‍ഹി ലേബര്‍ കമ്മിഷണര്‍. വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുമായുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് ഒരാഴ്ച മുമ്പ് മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കി ലേബര്‍ കമ്മിഷണര്‍ അയച്ച കത്തിലെ വിവരങ്ങള്‍ പുറത്തുവന്നു. ജീവനക്കാരുടെ പരാതികള്‍ യാഥാര്‍ഥ്യമാണെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുരഞ്ജന ചര്‍ച്ചയ്ക്കുവെച്ച ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയോടെ 300-ഓളം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അസുഖബാധിതരാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 90-ഓളം എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് ബുധനാഴ്ച റദ്ദാക്കിയത്.
തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ നടന്നുവെന്നാണ് റീജിയണല്‍ ലേബര്‍ കമ്മിഷണര്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖറിനും മറ്റുള്ളവര്‍ക്കും അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്. ‘എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മാനേജ്മെന്റ് ഒരു അനുരഞ്ജന നടപടികളിലേക്കും ഉത്തരവാദിത്വമുള്ള തീരുമാനങ്ങള്‍ എടുക്കുന്നവരെ അയച്ചിട്ടില്ല. തെറ്റായ മാനേജ്മെന്റും തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളും പ്രകടമായിരുന്നു’, കത്തില്‍ പറയുന്നു.
തെറ്റായ വിവരങ്ങളും വ്യാഖ്യാനങ്ങളും നല്‍കി എച്ച്.ആര്‍.ഡിപ്പാര്‍ട്ട്‌മെന്റ് അനുരഞ്ജന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ജീവനക്കാരുടെ പരാതികളും എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനവും പരിശോധിക്കാന്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ നിര്‍ദേശിച്ചു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള പുതിയ സംവിധാനത്തെചൊല്ലിയും ജീനക്കാരോടുള്ള തുല്യതയില്ലാത്ത പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നാണ് തൊഴിലാളി യൂണിയന്‍ പറയുന്നത്. ഇതിനിടെ ജീവനക്കാരുടെ സമരം തുടരുന്ന പശ്ചാത്തലത്തില്‍ അടുത്ത ദിവസങ്ങളിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ അറിയിച്ചിട്ടുണ്ട്.