കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായ ബഹുനില കെട്ടിടത്തിലെ നടുക്കുന്ന കാഴ്ചകൾ വിവരിച്ച് ദൃക്സാക്ഷികൾ. പുക നിറഞ്ഞതോടെ പ്രാണരക്ഷാര്‍ഥം കെട്ടിടത്തിന് മുകളിൽ നിന്നും എടുത്തുചാടിയതാണ് പലരുടേയും ജീവൻ നഷ്ടമാകാൻ കാരണം. കോണിപ്പടി ഇറങ്ങി വരുന്നിടത്തും നിരവധി മൃതദേഹങ്ങള്‍ കിടന്നിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
തീപ്പിടിത്തം അതിവേഗം നിയന്ത്രിക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്നിശമന സേനയുടെ ഇടപെടലിനെത്തുടര്‍ന്നാണ് നിരവധിപേരുടെ ജീവന്‍ രക്ഷിക്കാനായത്. ബുധനാഴ്ച പുലര്‍ച്ചെ 4.30-നാണ് അഗ്നിശമനസേന വിവരമറിയുന്നത്. ജീവനക്കാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്. ഈ സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ പുകശ്വസിച്ച് ശ്വാസംമുട്ടിയാണ് നിരവധിപേര്‍ മരിച്ചതെന്ന് ജനറല്‍ ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ അറബ് ടൈംസിനോട് പറഞ്ഞു.
കറുത്ത പുക കെട്ടിടത്തിനുള്ളിലേക്ക് കയറിയതോടെ പലര്‍ക്കും കണ്ണ് പോലും തുറക്കാന്‍ പറ്റാതെ ആയി. അനങ്ങാന്‍ പറ്റാത്ത അവസ്ഥയായി. ജനല്‍ തുറന്നിട്ടാലും ഇതേ അവസ്ഥയിലുള്ള പുകയാണ് അകത്തേക്ക് കയറിയത്. 30-40 സെക്കന്‍ഡ് പോലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.
സ്ഥലത്തെത്തിയ അഗ്നിശമന സേന നിരവധിപേരെ ഉടന്‍തന്നെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു. ഒന്നിലധികം ഫയര്‍ സ്റ്റേഷനുകള്‍ കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ ഉടന്‍തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ചികിത്സാ നടപടികള്‍ നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ചികിത്സ ഏകോപിപ്പിക്കുന്നതിനും പൊള്ളലേറ്റവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക പിന്തുണയടക്കം നല്‍കുന്നതിനും പ്രത്യേക ടീമുകള്‍ രൂപവത്കരിച്ചു.
കമ്പനി ഉടമയേയും സുരക്ഷാ ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുക്കാന്‍ അധികൃതര്‍ ഉടന്‍തന്നെ നിര്‍ദേശം നല്‍കി. സംഭവത്തെപ്പറ്റി ദൃക്‌സാക്ഷികള്‍ നടുക്കത്തോടെയാണ് വിവരിച്ചതെന്ന് അറബ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീ ആളിപ്പടര്‍ന്നതിന് തൊട്ടുപിന്നാലെ കെട്ടിടം മുഴുവന്‍ പുക നിറഞ്ഞതോടെ താമസക്കാര്‍ പരിഭ്രാന്തരായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
താമസക്കാര്‍ പരിഭ്രാന്തരായി രക്ഷപ്പെടാന്‍ പരക്കംപായുന്നതിനിടെതന്നെ അഗ്നിശമനസേന സ്ഥലത്തെത്തി വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കി. തീ പടര്‍ന്നുപിടിച്ചത് ഉറക്കത്തിലായിരുന്ന പലരും അറിയാന്‍ വൈകി. ബഹുനില കെട്ടിടത്തിന്റെ ഇടനാഴിയിലടക്കം പുകനിറഞ്ഞതുമൂലം പലരും വലിയ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ അവസ്ഥയിലായി. ശ്വസിക്കാന്‍പോലും കഴിയാതെ പലരും രക്ഷപ്പെടാനുള്ള പരക്കംപാച്ചില്‍ നടത്തി. എന്നാല്‍,അഗ്നിശമന സേന ഉടന്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അപകടത്തില്‍നിന്ന് പലരെയും രക്ഷപ്പെടുത്തുകയും ചെയ്തു.
നിലത്തേക്ക് ചാടാന്‍ ശ്രമിക്കുന്നതിനു പകരം കെട്ടിടത്തിന്റെ ഏറ്റവും മുകള്‍നിലയിലേക്ക് പോകാനാണ് അഗ്നിശമന സേന ആദ്യം നിര്‍ദേശിച്ചത്. നിരവധിപേര്‍ ശ്വാസംമുട്ടി മരിക്കുന്നതടക്കം ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ സഹായകമായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കെട്ടിടത്തിന്റെ ഏറ്റവും അടിഭാഗത്തുള്ള വഴികള്‍ പലതും അടച്ചിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പലര്‍ക്കും രക്ഷപ്പെടാന്‍ ഇതുമൂലം സാധിച്ചില്ല. പരിക്കേറ്റവര പുറത്തെത്തിക്കുന്നതിനടക്കം തടസം നേരിട്ടു.
കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. 11 പേർ മലയാളികളാണ്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം. 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.
മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു. പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡര്‍ അറിയിച്ചു.