കുർസ്ക് പാലം തകർത്തു; റഷ്യയുടെ കൂടുതൽ ഭൂപ്രദേശത്തേയ്ക്ക് കയറി ആക്രമണം ശക്തമാക്കി യുക്രൈൻ
മോസ്കോ: റഷ്യയുടെ കൂടുതൽ ഭൂപ്രദേശത്തേയ്ക്ക് കയറി ആക്രമണം ശക്തമാക്കി യുക്രൈൻ. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്കിൽ സൈനിക ഓഫീസ് തുറക്കുക പോലും ചെയ്തിരിക്കുന്നു യുക്രൈൻ പട്ടാളം. റഷ്യന്‍ അതിർത്തിക്കുള്ളില്‍ യുക്രൈന്‍ കൂടുതൽ പ്രദേശങ്ങൾ കീഴടക്കുന്നത് അമ്പരപ്പോടെയാണ് ലോകം കാണുന്നത്.
കുര്‍ക്‌സ് മേഖലയില്‍ 50 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രൈൻ സൈന്യം കടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളടക്കം 1150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോർട്ട്. റഷ്യയുടെ പ്രദേശങ്ങൾ പിടിച്ചടക്കാന്‍ യുക്രൈന് താത്പര്യമില്ലെന്നും സമാധാന ചർച്ചകൾക്കായി റഷ്യയ്ക്കു മേല്‍ സമ്മർദം ചെലുത്താനാണ് ആക്രമണം എന്നും യുക്രൈൻ പറയുന്നു.
റഷ്യയിലെ ബെല്ഗൊരരോദ് മേഖലയില്‍ യുക്രൈന്‍ കരസേന എത്തിയതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മേഖലകളിൽ നിന്ന് ഒന്നര ലക്ഷത്തോളം പേർ ഒഴിഞ്ഞു പോയിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം റഷ്യയ്ക്കു നേരേയുണ്ടാകുന്ന ഏറ്റവും വലിയ കര ആക്രമണമാണ് ഇത്.
കുര്‍സ്ക് മേഖലയിൽ ശക്തമായ സൈനിക വിന്യാസം നടത്തുമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലന്‍സ്കി പറഞ്ഞു. കുർസ്ക് മേഖലയിലെ സെയ്ം നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം യുക്രൈൻ തകർത്തതായി റഷ്യ ആരോപിച്ചു. അവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടു.
പാലം തകർത്തത് പ്രദേശത്തെ സാധാരണക്കാരെ ഒഴിപ്പിക്കാൻ തടസ്സമാകുമെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രൈന്‍റെ കൈവശമുള്ള പാശ്ചാത്യ റോക്കറ്റുകൾ അമേരിക്കയിൽ നിർമ്മിച്ചതാകാൻ സാധ്യതയുണ്ടെന്നും റഷ്യ ആരോപിച്ചു. 2022 ഫെബ്രുവരിയിലാണ് റഷ്യൻ അധിനിവേശത്തിനെതിരെ യുക്രൈൻ ചെറുത്തുനിൽപ്പ് തുടങ്ങിയത്. ഈ മാസം ആദ്യമാണ് കുർസ്ക് ആക്രമണം ആരംഭിച്ചത്.