കുഴഞ്ഞുവീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് കുതിച്ച് കെ.എസ്.ആർ.ടി.സി; സി.പി.ആർ നൽകി സഹയാത്രക്കാരി
പാലക്കാട്: ബസ്സിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകരായി കെ.എസ്.ആർ.ടി.സി ജീവനക്കാരും സഹയാത്രികരും. പാലക്കാട്-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സിൽ തിങ്കളാഴ്ച ആയിരുന്നു സംഭവം. കല്ലടിക്കോടിനടുത്തുള്ള ചിറയ്ക്കൽപ്പടി എന്ന സ്ഥലത്തുവെച്ചാണ് ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് യാത്രക്കാരി കുഴഞ്ഞുവീണത്.
മറ്റുവാഹനങ്ങളോ ആംബുലൻസോ കാത്തുനിന്നില്ല, ഡ്രൈവറായ നാരായണൻകുട്ടിയും കണ്ടക്ടർ ഷംസുദ്ദീനും ബസ് ഉടൻ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പറപ്പിച്ചു. ഒരു ജീവൻ രക്ഷിക്കാൻ സഹയാത്രക്കാരും കൈകോർത്തു.
മറ്റു സ്റ്റോപ്പുകളിലൊന്നും നിർത്താതെ ഹെഡ് ലൈറ്റിട്ട് ഹോൺ മുഴക്കി ബസ്സ് കുതിച്ചു. ആശുപത്രിയിലേക്ക് ബസ് എത്തുന്നതുവരെ, ഇടുക്കി സ്വദേശിയും ഫാർമസിസ്റ്റുമായ ബീന ബേബി എന്ന സഹയാത്രക്കാരി കുഴഞ്ഞുവീണ സ്ത്രീക്ക് സി.പി.ആർ (Cardiopulmonary Resuscitation) നൽകിക്കൊണ്ടേയിരുന്നു.
അബോധാവസ്ഥയിൽ സീറ്റിൽ കിടക്കുന്ന സ്ത്രീക്ക് ബീന തുടർച്ചയായി സി.പി.ആർ നൽകുന്നതും ഡ്രൈവർ അതിവേഗത്തിൽ ബസ് ഓടിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. സഹയാത്രക്കാരിൽ ആരോ ചിത്രീകരിച്ചതാണിത്. ഏകദേശം 20 മിനിറ്റ് യാത്രക്കുശേഷം ബസ് ആശുപത്രിയിലെത്തി.
ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ബസ്സ് ജീവനക്കാർക്കും ബീനയ്ക്കും കൈയ്യടിക്കുകയാണ് സമൂഹികമാധ്യമങ്ങൾ.