തിരുവനന്തപുരം: പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മോന്‍സനെ പരിചയമുണ്ട്. ഇതല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മോന്‍സനെ കണ്ടതും സംസാരിച്ചതും അവരുടെ വീട്ടില്‍ പോയതുമെല്ലാം സത്യമാണ്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് പരാതിയെക്കുറിച്ച് തനിക്കൊന്നുമറിയില്ല. ഞാന്‍ ഇടനില നിന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്നും സുധാകരന്‍ തുറന്നടിച്ചു.
പരാതിക്കാരന്‍ തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ച് കള്ളം പറയുകയാണ്. ഇതിനെ നിയമപരമായി നേരിടും. ഡോക്ടറായാണ് മോന്‍സനെ പരിചയപ്പെട്ടത്. വ്യാജനാണോ എന്നറിയില്ല. കെപിസിസി അധ്യക്ഷനായ ശേഷവും മോന്‍സന്‍ വന്നു കണ്ടിരുന്നു. എത്ര തവണ മോന്‍സന്റെ വീട്ടില്‍ പോയെന്ന് എണ്ണിയിട്ടില്ല. കെട്ടിച്ചമച്ച കഥയുമായി തന്നെ വേട്ടയാടാനാണ് ശ്രമമെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്റെ വാക്കുകള്‍
‘മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്. കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. പരിചയമുണ്ട്. ഡോക്ടര്‍ എന്ന നിലയിലാണ് പരിചയം. എത്ര തവണ വീട്ടില്‍ പോയിട്ടുണ്ടെന്ന് എണ്ണിയിട്ടില്ല. എന്നോട് സംസാരിച്ചുവെന്ന് പറയുന്ന പരാതി നല്‍കിയ വ്യക്തിയെ എനിക്ക് അറിയില്ല. അയാള്‍ കറുത്തിട്ടോ വെളുത്തിട്ടോയെന്നെനിക്ക് അറിയില്ല. അങ്ങനെ ഒരു ഡിസ്‌ക്കഷന്‍ മോന്‍സന്റെ വീട്ടില്‍ വെച്ച് നടന്നിട്ടില്ലെന്ന് അടിവരയിട്ട് പറയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ ആരോപണത്തിന് പിന്നിലുണ്ടെന്നാണ് സംശയം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് 5 തവണയിലേറെ പരാതിക്കാരനെ വിളിച്ചുവെന്ന് അയാള്‍ തന്നെ പറയുന്നുണ്ട്.
2018 ല്‍ താന്‍ പാര്‍ലമെന്റ് അംഗം പോലുമല്ല. ഫിനാന്‍സ് കമ്മറ്റിയില്‍ ഇതുവരെ അംഗവുമായിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയര്‍ന്നത്. 2018 ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇത് പൊതു രേഖയാണ്. തനിക്കെതിരെ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയാണ് ഈ ആരോപണത്തിന് പിന്നില്‍ എന്ന് സംശയിക്കുകയാണ്.
‘മോന്‍സന്റെ വീട്ടില്‍ ഒരു ദിവസം പോലും താമസിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധമുണ്ട്. വീട്ടില്‍ പോയിട്ടുണ്ട്. കെപിസിസി ഓഫീസില്‍ വന്ന് അദ്ദേഹം എന്നെ കണ്ടിട്ടുമുണ്ട്. എന്നെ അദ്ദേഹം ചികിത്സിച്ചിട്ടുണ്ട്. വ്യാജ ഡോക്ടര്‍ ആണെന്ന് അറിയില്ലായിരുന്നു. തനിക്ക് വേണ്ടി ആരും ഇടപെട്ടിട്ടില്ല. കോടികളുടെ ആഡംബര ജീവിതമായിരുന്നു മോന്‍സണ നയിച്ചത്’. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
അതിനിടെ മോന്‍സണ്‍ മാവുങ്കലിന് വേണ്ടി കെ സുധാകരന്‍ എംപി ഡല്‍ഹിയില്‍ ഇടപെട്ടുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മോന്‍സന്‍ മാവുങ്കലിന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെട്ടിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
മോന്‍സനെതിരെ രംഗത്തെത്തിയ യാക്കൂബ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കെ സുധാകരനെതിരെയും മറ്റ് നിരവധി രാഷ്ട്രീയ ഉദ്യോഗസ്ഥര്‍ക്കെതിരെയും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ‘കെ.സുധാകരന്‍ എം.പി നിരവധി തവണ ടിയാന്റെ വീട്ടില്‍ വന്നു നില്‍ക്കാറുണ്ട്. പത്ത് ദിവസം ടിയാന്റെ വീട്ടില്‍ സുധാകരന്‍ താമസിച്ചതായും ടിയാന്‍ ചികിത്സയില്‍ ആയിരുന്ന സമയത്ത് സുധാകരന്‍ ഡല്‍ഹിയിലെ ടിയാന്റെ വിഷയത്തില്‍ വന്ന പല തടസങ്ങളും നീക്കി നല്‍കിയെന്നും മോന്‍സന്‍ ഞങ്ങളോട് പറഞ്ഞിരുന്നു’, പരാതിയില്‍ യാക്കൂബ് വ്യക്തമാക്കുന്നു.
2018 നവംബര്‍ 22 ന് സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കുന്നു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.