KeralaNews

‘സ്വന്തം നിലയിൽ പുറത്തേക്ക് പോകാൻ തീരുമാനിച്ചവർ അങ്ങനെ പോകട്ടെ’ സരിനെ തള്ളി കെപിസിസി

തിരുവനന്തപുരം: ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഡോ പി സരിനെ തള്ളി കെപിസിസി നേതൃത്വം. നടപടി എടുത്ത് രക്തസാക്ഷി പരിവേഷം നൽകേണ്ടെന്നാണ് ധാരണ. സ്വന്തം നിലയിൽ പുറത്തേക്ക് പോകാൻ തീരുമാനിച്ചയാൾ അങ്ങനെ തന്നെ പോകട്ടെയെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി. സരിന്റെ നീക്കം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും കെപിസിസി വിലയിരുത്തി.

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൽഡിഎഫ് നേതൃത്വത്തെ സരിൻ സമ്മതം അറിയിച്ചിട്ടുണ്ട്. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയാകും സരിൻ മത്സരത്തിനിറങ്ങുക. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് സരിൻ കോൺഗ്രസുമായി ഇടഞ്ഞത്.

വിഷയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾ അവഗണിച്ചെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും പി സരിൻ രംഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ പുനർചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിൻ പറഞ്ഞു.

വെള്ളക്കടലാസിൽ അച്ചടിച്ചു വന്നാൽ സ്ഥാനാർത്ഥിത്വം പൂർണ്ണമാകില്ലെന്ന് പറഞ്ഞ സരിൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പുനർവിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സരിനെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങളുമായി സിപിഐഎം ഉൾപ്പടെ രംഗത്തെത്തിയത്.

അതേസമയം ചേലക്കരയിൽ പി വി അൻവറിന്റെ ഡിഎംകെയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കെപിസിസി സെക്രട്ടറി എൻ കെ സുധീർ വ്യക്തമാക്കിയിരുന്നു. കോൺ​ഗ്രസ് തന്നെ തിരഞ്ഞെടുപ്പിൽ പരി​ഗണിച്ചിരുന്നില്ലെന്നും അവസരങ്ങൾ നിഷേധിക്കപ്പെടുന്നതിനാലാണ് അൻവറിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥിയാക്കാമെന്ന് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരത്തെ ഓഫർ ഉണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നപ്പോൾ തന്നെ ഒഴിവാക്കി. ഇതോടെയാണ് പി വി അൻവറിന്റെ പാർട്ടിയുടെ ഭാ​ഗമായി മത്സരിക്കാൻ തീരുമാനിച്ചത്. സ്ഥാനാർഥിയാകാൻ ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. നാളെയോടെ കോൺ​ഗ്രസുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും രാജിവെക്കും. ഒരു ഉപാധിയുമില്ലാതെയാണ് ഡിഎംകെയ്ക്കൊപ്പം പ്രവർത്തിക്കുന്നതെന്നും തനിക്ക് യാതൊരു ഓഫറും അൻവർ മുന്നോട്ട് വച്ചിട്ടില്ലെന്നും സൂധീർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker