24.6 C
Kottayam
Tuesday, May 14, 2024

മരണകാരണം തലയ്ക്കേറ്റ പരുക്ക്; ട്രാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങൾ വിട്ടുനല്‍കി,പ്രത്യേക അന്വേഷണസംഘം

Must read

കോഴിക്കോട്: ട്രെയിനിനു തീയിട്ടതിനു പിന്നാലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ്മോ‌ര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, റഹ്മത്തിന്റെ സഹോദരിയുടെ മകള്‍ രണ്ടുവയസുള്ള സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫീഖ് എന്നിവരെയാണു ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. പൊള്ളലേറ്റ് ചികിത്സയിലുള്ള എട്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.

രണ്ടു വയസുകാരി സഹറ ചാലിയത്തെ പിതാവിന്റെ വീട്ടിലായിരുന്നു. സഹറയെ മട്ടന്നൂരിലേക്കു കൂട്ടാനായി എത്തിയതായിരുന്നു റഹ്മത്ത്. ഈ യാത്രക്കിടെയാണു ദാരുണമായ അപകടം ഉണ്ടായത്. ഇവർ രണ്ടു പേരുടേെയും മട്ടന്നുർ സ്വദേശി നൗഷിഖിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ഇന്‍ക്വസ്റ്റില്‍ പൊള്ളലേറ്റ പാടുകളൊന്നും മൂന്നു പേരുടെയും ശരീരത്തില്‍ കണ്ടെത്തിയില്ല. തലക്കേറ്റ പരുക്കാണു മരണകാരണമായി കരുതുന്നത്. ഇതു ട്രെയിനില്‍നിന്നു വീണ് ഉണ്ടായതാണോ എന്നാണു സംശയം.

പൊള്ളലേറ്റ് എട്ടുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അഞ്ചുപേര്‍ ഐസിയുവിലാണ്. ഒരാളുടെ നില ഗുരുതരവുമാണ്. മരിച്ചവരുടെ കുടുംബത്തെ മന്ത്രി വി.അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു. പഴുതടച്ച അന്വേഷണം ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം ഉൾപ്പെടെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവെപ്പില്‍ അന്വേഷണം നടത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് അന്വേഷണസംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.

ഭീകരവിരുദ്ധ സേന ഡിവൈ.എസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈ.എസ്.പി വി.വി.ബെന്നി എന്നിവര്‍ സംഘത്തിലെ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week