കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെ കൂടുതല്‍ വിദ്യാർത്ഥികള്‍ രംഗത്ത്. പിജി വിദ്യാർത്ഥിനിയായിരുന്ന റാണി ജെ എസ് ആണ് ലിസ ജോണിനെതിരെ ഗുരുതരമായ ആരോപണവുമായി ഏറ്റവും അവസാനമായി രംഗത്ത് വന്നിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് സ്ഥലം മാറ്റം കിട്ടി വന്ന മാഡം എച്ചഒഡിയായി ചുമതലയേറ്റതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നുവെന്ന് റാണി ഫേസ്ബുക്കില്‍ കുറിക്കുന്നു.
പ്രഗ്നൻസി സംബന്ധിച്ച ബുദ്ധിമുട്ടുകൾ കാരണം തനിക്ക് മെഡിക്കൽ ലീവിൽ പ്രവേശിക്കേണ്ടി വന്നിരുന്നുവെന്നും അവിടെയും എച്ച്ഒഡിയുടെ ഇടപെടൽ ഉണ്ടായി. നീണ്ടനാളുകൾക്ക് ശേഷം മന്ത്രിയുടെ ഓഫീസിലുൾപ്പെടെ കയറിയിറങ്ങിയതിന് ശേഷമാണ് തിരികെ ജോയിൻ ചെയ്യാനായതെന്നും റാണി വ്യക്തമാക്കുന്നു. ലിസ ജോണിൽ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാർ രംഗത്ത് വന്നിരുന്നു.
ഡോ. വിനീത് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വളരെ സങ്കടത്തോടെ ഇന്നലെ വായിച്ചു. എനിക്ക് പറയാനുള്ളത് എൻ്റെ തന്നെ ഒരു കഥയാണ്. വളരെ അധികം ആത്മവിശ്വാസത്തോടും സന്തോഷത്തോടും സ്വപ്നങ്ങളോടും കൂടെ ഇഷ്ട വിഷയമായ എം.ഡി ഫോറൻസിക് മെഡിസിൻ, കോട്ടയം മെഡിക്കൽ കോളേജിൽ ചേരുന്നു. പ്രതീക്ഷിച്ചതു പോലെ അല്ലെങ്കിൽ അതിനും അപ്പുറം സന്തോഷകരവും സമാധാനപരവും ആയ അന്തരീക്ഷം ആണ് എന്നെ സ്വാഗതം ചെയ്തത്.
സുമാർഗദർശികൾ ആയ അധ്യാപകരും സഹപാഠികളും അകമഴിഞ്ഞ് പിന്തുണക്കുകയും അങ്ങനെ പിജി പരീക്ഷ എന്ന കടമ്പ കടക്കുകയും ചെയ്തു. പിജി പഠനത്തിന് ശേഷം ഇതേ പ്രതീക്ഷകളും ആയി 1 വർഷത്തെ നിർബന്ധിത സേവനമായ സീനിയർ റെസിഡൻസി ഇതേ ഡിപ്പാർട്ട്‌മെൻ്റിൽ ചേരുന്നു. കൂടെ ഒത്തിരി അബോർഷൻസ് നു ശേഷം കാത്തിരുന്നു കിട്ടിയ ” വിലയേറിയ ഗർഭം ” ഉം അതിൻ്റെ കൂട്ടിനു ഉണ്ടാരുന്നു. അതെ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് സ്ഥലം മാറ്റം കിട്ടി വന്ന മാഡം എച്ച് ഒ ഡി ആയി ചുമതല ഏൽപ്പിച്ചു. പിന്നെ ആണ് കാര്യങ്ങൾ തകിടം മറിയുന്നത്.
ഡിപ്പാർട്ട്മെൻ്റിലെ ഒരു അറ്റൻഡർ സ്റ്റാഫ് സ്ത്രീകളായ പിജി വിദ്യാർത്ഥികളും സീനിയർ റസിഡന്റ് മാർക്കും ഉൾപ്പടെ ലൈംഗിക ചുവയുള്ള ഒരു അശ്ലീല മെസേജ് വാട്സാപ്പില്‍അയക്കുന്നു. അതിനെതിരെ എച്ച് ഒ ഡിക്ക് എല്ലാവരും ചേർന്ന് പരാതി ബോധിപ്പിക്കുന്നു. “ആർക്കാണ് ഇവിടെ പരാതി ഉള്ളത് എന്ന ആക്രോശമായിരുന്നു ആദ്യ പ്രതികരണം. ഞെട്ടൽ ആയിരുന്നു. ഒരു സ്ത്രീ ആയ എച്ച് ഒ ഡി യുടെ ഭാഗത്ത് നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണം. തീർന്നില്ല…. പിജി എക്സാമിന് നു ആരൊക്കെ പാസ്സ് ആകും എന്ന് കാണാം എന്ന് ഭീഷണിപ്പെടുത്തി പിജി വിദ്യാർത്ഥികളെ പിന്തിരിപ്പിച്ചു. ഞാൻ ഉൾപ്പെടുന്നു.
ഇനി ഇങ്ങനെ ഒരു സംഭവം ആവർത്തിക്കില്ല എന്ന് ഉറപ്പ് മാത്രം. ആ പരാതി സ്വീകരിച്ചു കയ്യിൽ വച്ചതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. അന്ന് ഞാൻ 5 മാസം ഗർഭിണി ആയിരുന്നു. ഗർഭധാരണം സംബന്ധിച്ച ബുദ്ധിമുട്ടുകൾ കാരണം അതെ മാസം മെഡിക്കൽ ലീവ് ഇൽ പ്രവേശിക്കേണ്ടി വന്നു. 15 ദിവസത്തെ മെഡിക്കൽ ലീവ് നു ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പടെ തിരികെ ജോയിന്‍ ചെയ്യാൻ ഉള്ള അപേക്ഷ കൊടുത്തു. തിരികെ ജോയിൻ ചെയ്യണ്ട എന്നാരുന്നു എച്ച് ഒ ഡിയുടെ തീരുമാനം. ജോയിൻ ചെയ്യിക്കാം എന്ന് പറഞ്ഞു ലീവ് നു ശേഷം ഉള്ള ഇ- സഞ്ജീവനി ഡ്യൂട്ടി ഉൾപ്പടെ എടുപ്പിക്കുകയും ചെയ്തു. അതിനു ശേഷവും ജോയിന്‍ ചെയ്യാൻ പറ്റില്ല എന്ന് തന്നെ ആയിരുന്നു മറുപടി.
എന്റെ നിറവയറുമായി തിരിച്ചു ജോയിന്‍ ചെയ്യാൻ ഡിപ്പാർട്ടുമെന്റിലും പ്രിന്‍സിപ്പല്‍ ഓഫീസിലും ആരോഗ്യമന്ത്രിയുടെ ഓഫീസലും കയറി ഇറങ്ങിയത് രണ്ടരമാസം. സാലറി ഇല്ലാതെ, ബോണ്ട് കാലാവധി പുർത്തിയാക്കാൻ പറ്റുമോ എന്ന് പോലും അറിയാതെ നീണ്ട രണ്ടര മാസം. മാനസികമായും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടിയ സമയം. എന്തിനു എംഡി ഫോറന്‍സിക് മെഡിയിസിന്‍ എടുത്തു എന്ന് വരെ ദുഃഖത്തോടെ ചിന്തിച്ച ദിവസങ്ങൾ. നീണ്ട 2 1/2 മാസങ്ങൾക്കു ശേഷം എന്റെ പ്രെഗ്നന്‍സിയിലെ ലെ 36 -ആം ആഴ്ചയിലേക്ക് കടക്കുമ്പോൾ മെഡിക്കൽ ബോർഡ് കൂടി പ്രസ്തുത വിഷയത്തിൽ തീരുമാനം ഉണ്ടാക്കാൻ ഉത്തരവായി. മേല്പറഞ്ഞ ഓഫീസുകൾ ഇടതടവില്ലാതെ കയറിയിറങ്ങിയതിന്റെ ഫലം.
തിരിച്ചു ജോയിന്‍ ചെയ്തു. അത് കഴിഞ്ഞും കാര്യങ്ങൾക്കു വല്യ വ്യത്യാസം ഉണ്ടായില്ല. പിന്നീടും “മോർച്ചറി ടോർച്ചർ ” എന്ന സ്ഥിരം പീഡനമുറകൾ ആയിരുന്നു. കാഠിന്യമേറിയ കേസുകൾ കൾ മോർച്ചറിയില്‍ ഇൽ എനിക്കായ് കാത്തു കിടന്നു. മണിക്കൂറുകൾ എടുത്തു എല്ലാം ചെയ്തു കൂട്ടി. വെറും 4 ദിവസമേ പിടിച്ചു നില്കാൻ സാധിച്ചുള്ളൂ . പ്രസവവേദനയേതുടർന്നു മാസം തികയാതെ ഞാൻ എന്റെ കുഞ്ഞിന് ജന്മ്മം നൽകി.
ഹൃദയം തകർന്നിട്ടും പലപ്പോഴും പിടിച്ചു നിന്നത് കുഞ്ഞിന് വേണ്ടി ആണ്. മെറ്റേണിറ്റി ലീവ് മൂന്നു മാസത്തിൽ ക്യാന്‍സല്‍ ചെയ്തു ഡ്യൂട്ടിക്ക് റി-ജോയിന്‍ ചെയ്തു കുഞ്ഞിനോട് വീണ്ടും അനീതി കാണിക്കേണ്ടി വന്നു. എങ്ങനെയെങ്കിലും ബോണ്ട് കാലയളവു കംപ്ലീറ്റ് ചെയ്തു രക്ഷപെടുക എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ആ പടി ഇറങ്ങുമ്പോൾ ആശ്വാസം ആയിരുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ പിജി കാലഘട്ടം കോട്ടയം ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാർട്ടുമെന്റ് എനിക്ക് സമ്മാനിച്ചെങ്കിലും 1 വർഷം നീണ്ട ബോണ്ട് കാലഘട്ടം നരകതുല്യമായിരുന്നു.
ഈ നരകജീവിതത്തിൽ കൂടെ കടന്നു വന്ന എന്റെ കുഞ്ഞു പൂമ്പാറ്റക്ക് ഇന്ന് 1 1/2 വയസ്. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന ക്രിമിനൽ കുറ്റങ്ങളെ കുറിച്ചും ബലാത്സംഗം ഉൾപ്പടെ ഉള്ള ഹീനമായ കുറ്റകൃത്യങ്ങളെ കുറിച്ചും നൈതികതയെ കുറിച്ചും യുവ ഡോക്ടർമാരെയും വിദ്യാർത്ഥികളെയും പഠിപ്പിക്കുന്ന ഒരു വനിതാ അദ്ധ്യാപികയിൽ നിന്നാണ് മേല്പറഞ്ഞ അനുഭവങ്ങൾ എനിക്ക് ഉണ്ടായത്. അതേ വ്യക്തി തന്നെ ആണ് സ്വന്തം വിദ്യാർഥിയോട് വ്യാജ ലൈംഗികപീഡന കേസിൽ കുടുക്കും എന്ന് ഭീഷണിപ്പെടുത്തിയതെങ്കിൽ അത് അടിയന്തിരമായി തിരുത്തപ്പെടേണ്ട ആപൽക്കരമായ സാഹചര്യമാണ്.