കോട്ടയം: കുറിച്ചിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയുടെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തല്‍. കുറിച്ചി കേളന്‍കവലയില്‍ കാഞ്ഞിരക്കാട്ട് ടി.കെ.ഗോപി (ഗോപി തച്ചാറ 80), ഭാര്യ കുഞ്ഞമ്മ (76) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇതില്‍ കുഞ്ഞമ്മയുടെ മരണം കൊലപാതകമാണെന്നാണ് ഇപ്പോള്‍ പൊലീസ് വ്യക്തമാക്കുന്നത്. കുഞ്ഞമ്മയുടെ നെഞ്ചിലെ ക്ഷതവും ശ്വാസം മുട്ടിച്ചതുമാണു മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമാണ് കുഞ്ഞമ്മയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഇവരെ കൊലപ്പെടുത്തിയ ശേഷം ഗോപി ജീവനൊടുക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്.
ഗോപി മദ്യപിച്ചെത്തി കുഞ്ഞമ്മയുമായി വഴക്കുണ്ടാക്കുന്നതു പതിവായിരുന്നു എന്ന നാട്ടുകാരുടെ മൊഴിയും മറ്റാരെങ്കിലും വീട്ടില്‍ അതിക്രമിച്ചു കയറിയതായുള്ള സൂചനകള്‍ ഇല്ലാത്തതുമാണ് ഇത്തരത്തില്‍ സംശയിക്കാന്‍ കാരണമെന്നും തുടരന്വേഷണം നടത്തുമെന്നും ചിങ്ങവനം എസ്എച്ച്ഒ ടി.ആര്‍ ജിജു പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.