KeralaNews

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസ്; നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് കേസ് പരിഗണിക്കുക. നീതുവിനെ ഈ മാസം 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
നീതുരാജിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും മെഡിക്കല്‍ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്താനുമാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പട്ടിരിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരി എസ്.ടി മിനിയെ സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരിക്കു വീഴ്ച സംഭവിച്ചതായി ആശുപത്രി ആര്‍എംഒ ഡോ. ആര്‍.പി.രഞ്ജിന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിന്നു. നീതു കുഞ്ഞിനെയും തട്ടിയെടുത്തു കടന്നു പോകുന്നത് സുരക്ഷാ ജീവനക്കാരി ശ്രദ്ധിച്ചില്ലെന്ന കാര്യം സിസിടിവി ദൃശ്യത്തില്‍ നിന്നു വ്യക്തമായതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും യുവതി തട്ടികൊണ്ടുപോയത്. കുട്ടിയെ കടത്താന്‍ ശ്രമിച്ച കളമശ്ശേരി സ്വദേശിനി നീതുവിനെ കോട്ടയം ആശുപത്രിക്ക് സമീപമുളള ഹോട്ടലില്‍ നിന്ന് മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെ സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. കാമുകന്‍ ഇബ്രാഹിം ബാദുഷയ്ക്ക് ഒപ്പം ജീവിക്കാന്‍ വേണ്ടിയാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. ഇയാള്‍ നീതുവില്‍ നിന്ന് പണം തട്ടിയ കേസില്‍ റിമാന്‍ഡിലാണ്.

വണ്ടിപ്പെരിയാര്‍ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് നീതു മോഷ്ടിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കാമുകന്‍ ഇബ്രാഹിം ബാദുഷയെ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു പ്രതി കുട്ടിയെ മോഷ്ടിച്ചത്. മുപ്പത് ലക്ഷത്തോളം രൂപ നീതുവില്‍ നിന്നും ഇയാള്‍ കെക്കലാക്കിയിരുന്നു. ഇബ്രാഹിം മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വിവരം അറിഞ്ഞതോടെയാണ് കുഞ്ഞിനെ കവര്‍ന്നത്. ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്‌ളാക്ക് മെയില്‍ ചെയ്യാനായിരുന്നു യുവതിയുടെ പദ്ധതി. നീതുവിന്റെ എട്ടു വയസുള്ള മകനെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button