കോട്ടയം: ‘ചേച്ചീ നല്ല മഴയാണ്. മണ്ണ് ഇടിയുന്നുണ്ട്. സൂക്ഷിച്ചു വരണേ…’ കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ കവര്‍ന്നെടുക്കുന്നതിന് തൊട്ടുമുന്‍പ് പതിനാലുകാരി സ്നേഹ അയല്‍വീട്ടിലെ അനിറ്റിന് അയച്ച വാട്സ്ആപ്പ് സന്ദേശമാണിത്. ഒട്ടലാക്കല്‍ മാര്‍ട്ടിന്റെ മൂത്ത മകളാണ് സ്നേഹ. മാര്‍ട്ടിന്റെ കുടുംബത്തെ ഒന്നാകെ ഉരുള്‍പൊട്ടല്‍ വിഴുങ്ങിയതിന്റെ സങ്കടക്കടലില്‍ നാട് കണ്ണീര്‍ വാര്‍ക്കുമ്പോള്‍ പുറത്തുവന്ന ഈ സന്ദേശം നൊമ്പരമാകുന്നു. കോവിഡ് പ്രതിരോധ വാക്സീന്‍ കുത്തിവയ്പിനായി കൂട്ടിക്കലിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ സ്നേഹയെ കണ്ടതാണ് അനിറ്റ്.
വാട്സാപ് സന്ദേശം കണ്ട് അനിറ്റ് തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. തിരികെ എത്തിയപ്പോഴേക്കും കൂട്ടുകാരിയെയും കുടുംബത്തെയും ഒന്നാകെ ഉരുള്‍ വിഴുങ്ങിയിരുന്നു. സ്നേഹയ്ക്കും സഹോദരങ്ങള്‍ക്കും സ്വന്തം ചേച്ചിയെ പോലെയായിരുന്നു അനിറ്റ്. മാര്‍ട്ടിന്റെ മക്കളായ സ്നേഹയുടെയും സോനയുടെയും സാന്ദ്രയുടെയും മൃതദേഹങ്ങള്‍ കാവാലി സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചപ്പോള്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും പൊട്ടിക്കരഞ്ഞു.
നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ നേരില്‍ കാണാമെന്ന സന്തോഷത്തിലായിരുന്നു എല്ലാവരുമെന്ന് സാന്ദ്രയുടെ അധ്യാപിക സിസ്റ്റര്‍ മരിയ പറഞ്ഞു. വെട്ടിക്കാനം കെസിഎംഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സാന്ദ്ര. സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്നേഹയും സോനയും.