ഓയൂർ; ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടികൊണ്ടുപോയ സ്ഥലത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. പത്മകുമാറിനേയും ഭാര്യ അനിതയേയുമാണ് ഇവിടെ ഇറക്കിയത്. മകൾ അനുപമയെ വാഹനത്തിൽ നിന്ന് പോലീസ് ഇറക്കിയിരുന്നില്ല.
വൈകിട്ട് 4.15 ഓടെ കുട്ടികൾ സമീപത്തെ വീട്ടിൽ ട്യൂഷന് പോകുമെന്നു മനസ്സിലാക്കിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലത്ത് നിന്നും നൂറ് മീറ്റർ അകലെ കാർ നിർത്തിയിട്ട് കുട്ടികളെ കാത്തിരിക്കുകയായിരുന്നുവെന്നും പ്രതികൾ മൊഴി നൽകി. കുട്ടികൾ നടന്ന് വരുന്നത് കണ്ടതോടെ കാർ അൽപം നീക്കി മുന്നോട്ട് കൊണ്ടുപോയി കുട്ടികൾക്ക് മുൻപിൽ നിർത്തുകയായികുന്നു. മുൻ സീറ്റിലായിരുന്നു അനിത കുമാരി ഇരുന്നത്. താനാണ് കുട്ടിയെ വലിച്ച് കാറിലേക്ക് കയറ്റിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
കുട്ടിയുടെ സഹോദരൻ ഇത് തടയാൻ ശ്രമിച്ചു. കുട്ടിയുടെ കൈയ്യിൽ ഒപു പേപ്പറിൽ നമ്പർ എഴുതി നൽകിയിരുന്നു. എന്നാൽ അനിയത്തിയെ വലിച്ച് കയറ്റുന്നത് തടയാൻ സഹോദരൻ പരാമവധി ശ്രമിച്ചു. ഇതിനിടയിലെ പിടിവലിക്കിടെ അതു കാറിൽ തന്നെ വീണ് പോയെന്നും അനിത കുമാരി പോലീസിനോട് പറഞ്ഞു.
പത്മകുമാറാണ് കാർ ഓടിച്ചിരുന്നതെന്നും മകൾ അനുപമ ഈ സമയത്ത് പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്നുവെന്നും ഇവർ നൽകിയ മൊഴിൽ പറയുന്നു. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സമീപവാസികൾ തടിച്ച് കൂടിയിരുന്നു. നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും അടക്കം നൂറുകണക്കിനു പേരാണ് ഇവിടെ എത്തിയത്. പ്രതികളെ ഇവർ കൂവി വിളിച്ചിരുന്നു.
നവംബർ 27നായിരുന്നു ഓയൂരിൽ വെച്ച് പത്കുമാറും ഭാര്യ അനിതയും മകൾ അനുപമയും ചേർന്ന് ആറുവയസുകാരിയെ തട്ടികൊണ്ടുപോയത്. കുട്ടിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികൾ കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. തമിഴ്നാട് പുളിയറയില്‍ നിന്നാണ് മൂന്ന് പേരേയും കസ്റ്റഡിയില്‍ എടുത്തത്. സാമ്പത്തിക ബാധ്യത തീർക്കാനാണ് പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് വ്യക്തമാക്കിയത്.
അതേസമയം പത്മകുമാറും കുടുംബവും കൂടുതൽ കുട്ടികളെ ലക്ഷ്യം വച്ചിരുന്നതായായും പോലീസ് പറഞ്ഞു. ഇതിനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് അവരെക്കുറിച്ചുള്ള വിശദാംശങ്ങൾ നോട്ട്ബുക്കിൽ കുറിച്ചുവെച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.