ഹൈദരാബാദിനെ പഞ്ഞിക്കിട്ട് കൊല്‍ക്കത്ത; നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐപിഎല്‍ കിരീടം
ചെന്നൈ: മൂന്നാം തവണയും ഐപിഎല്‍ കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് 114 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുന്നോട്ട് വെക്കാനായത്.
18.3 ഓവറില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.
മറുപടി ബാറ്റിംഗില്‍ സുനില്‍ നരെയ്‌ന്റെ (6) വിക്കറ്റ് നേരത്തെ കൊല്‍ക്കത്തയ്ക്ക് നേരത്തെ നഷ്ടമായി. എന്നാല്‍ അതൊന്നും കൊല്‍ക്കത്തയുടെ മോഹങ്ങളെ തകര്‍ത്തില്ല. മൂന്നാം വിക്കറ്റില്‍ ഗുര്‍ബാസ് – വെങ്കടേഷ് സഖ്യം 92 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ ഗുര്‍ബാസ് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരെ (6) കൂട്ടുപിടിച്ച് വെങ്കടേഷ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. വെങ്കടേഷിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ തുടക്കം. 19 പന്തില്‍ 24 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് അഭിഷേക് ശര്‍മ (2), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (9) എന്നിവരുടെ വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (20), നിതീഷ് റെഡ്ഡി (13) എന്നിവര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഷഹ്ബാസ് അഹ്മ്മദ് (8), ഹെന്റിച്ച് ക്ലാസന്‍ (16), അബ്ദുള്‍ സമദ് (4) എന്നിവരും നിരാശപ്പെടുത്തി. പിന്നീട് കമ്മിന്‍സ് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. കമ്മിന്‍സിനെ റസ്സല്‍ മടക്കി. ജയദേവ് ഉനദ്ഖടാണ് (4) പുറത്തായ മറ്റൊരു താരം. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.