തലശ്ശേരി: സി.പി.എമ്മിന് ആര്‍.എസ്.എസിന്റെ വോട്ടു വേണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുമായി ചേര്‍ന്ന് ഒരു സീറ്റും കേരളത്തില്‍ ജയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘1979ല്‍ തലശ്ശേരിയില്‍ അടക്കം നാലു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍എസ്എസിന്റെ വോട്ടു ഞങ്ങള്‍ക്ക് വേണ്ട എന്നാണ് ഇഎംഎസ് പ്രസംഗിച്ചത്. അതേ നിലപാടാണ് സിപിഎമ്മിന് ഇപ്പോഴുമുള്ളത്. ആര്‍എസ്എസുമായി ചേര്‍ന്ന് ഞങ്ങള്‍ക്ക് ഒരു സീറ്റു പോലും കേരളത്തില്‍ ജയിക്കേണ്ടതില്ലെന്ന്’ കോടിയേരി പറഞ്ഞു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഇത് രഹസ്യമായി എടുത്തതല്ല. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ്. സിപിഎമ്മിന് ഒരിക്കലും ആര്‍എസ്എസുമായി രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും യോജിക്കാന്‍ സാധ്യമല്ല- കോടിയേരി വ്യക്തമാക്കി.
ജനസംഘവുമായി ഉണ്ടാക്കിയ രാഷ്ട്രീയ ധാരണ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉപേക്ഷിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘അവരുമായി ഞങ്ങള്‍ സഹകരിച്ചത് അടിയന്തരാവസ്ഥ പോകാനാണ്. അടിയന്തരാവസ്ഥ മാറിയപ്പോള്‍ സിപിഎം നിലപാട് മാറ്റി. ആര്‍എസ്എസ് ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയുമായി ബന്ധം വിച്ഛേദിക്കണമെന്ന നിലപാട് സ്വീകരിച്ചു- അദ്ദേഹം പറഞ്ഞു.
തുടര്‍ഭരണമാണ് എല്‍ഡിഎഫിന്റെ മുദ്രാവാക്യം. സിപിഎം വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയല്ല. കൂട്ടായ നേതൃത്വമുള്ള പാര്‍ട്ടിയാണ്. അതിനൊരു ക്യാപ്റ്റനുണ്ടാകും. നേരത്തെ അത് വിഎസായിരുന്നു. അതിന് മുമ്പ് ഇകെ നായനാര്‍, ഇഎംഎസ് എന്നിവരൊക്കെയുണ്ടായിരുന്നു- കോടിയേരി ചൂണ്ടിക്കാട്ടി.