കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ വൻഷിക അപ്പാർട്ടുമെന്റിലെ ‘5 സി വൺ’ അപ്പാർട്ടുമെന്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. എറണാകളും സ്വദേശികളായ അഭയകുമാറും ഭാര്യയും മകളുമാണ് ഇവിടത്തെ സ്ഥിരം താമസക്കാർ
പൊലീസ് നടത്തിയ പരിശോധനയിൽ ഫ്ളാറ്റിലെ ടോയ്‌ലറ്റിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇവിടെവച്ചാണ് പ്രസവം നടന്നതെന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. മൂന്നുപേരെയും പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. ഫ്ളാറ്റിലേക്ക് കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത മൂന്നുപേരിൽ രണ്ടുപേരെ ഉടൻ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. യുവതിയെ ആശുപത്രിയിലേക്കായിരിക്കും മാറ്റുക. അറസ്റ്റ് ഉടൻതന്നെ ഉണ്ടാകുമെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്.
കുഞ്ഞിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ച ആമസോൺ പാഴ്സൽ കവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫ്ളാറ്റിന് മുന്നിലെ ഒഴിഞ്ഞപറമ്പിലേക്ക് വലിച്ചെറിയുന്നതിനിടെ ലക്ഷ്യം തെറ്റി റോഡിൽ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രത്യേകഅന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നുരാവിലെ എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പൊതി റോഡിൽ വീണത് ശ്രദ്ധയിൽപ്പെട്ട ചിലർ ഇക്കാര്യം ശുചീകരണ തൊഴിലാളികളെ അറിയിച്ചു. അവർ എത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ നിന്ന് കൊറിയർ കവറിലാക്കിയശേഷം കുഞ്ഞിനെ താഴേക്ക് എറിഞ്ഞുകൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
21 ഫ്ളാറ്റുകളാണ് സമുച്ചയത്തിൽ ഉള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ അടുത്തിടെയൊന്നും താമസക്കാർ എത്തിയിരുന്നില്ലെന്നാണ് സമീപത്തെ ഫ്ളാറ്റിലുള്ളവർ പൊലീസിനെ അറിയിച്ചത്. അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാരനും പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഫ്ളാറ്റിൽ ഗർഭിണികൾ ആരും ഇല്ലെന്ന് ആശാവർക്കറും സ്ഥിരീകരിച്ചിട്ടുണ്ട്.