മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് അനൗദ്യോഗിക അവസാനം. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 24 റണ്‍സിന് തോറ്റതോടെയാണ് മുംബൈയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത 19.5 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ മുംബൈ് 18.5 ഓവറില്‍ 145ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് മുംബൈയെ തകര്‍ത്തത്. 35 പന്തില്‍ 56 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
താരതമ്യേന കുഞ്ഞന്‍ വിജയലക്ഷത്തിനെതിരെ മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. പവര്‍ പ്ലേ തീരും മുമ്പ് മൂന്നിന് 46 എന്ന നിലയിലായിരുന്നു മുംബൈ. ഇഷാന്‍ കിഷന്‍ (13), നമന്‍ ധിര്‍ (11), രോഹിത് ശര്‍മ (11) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സൂര്യയാവട്ടെ ഒരറ്റത്ത് പിടിച്ചുനിന്നു. എന്നാല്‍ മധ്യനിരയില്‍ തിലക് വര്‍മ (4), നെഹല്‍ വധേര (6), ഹാര്‍ദിക് പാണ്ഡ്യ (1) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നാലെ സൂര്യ – ടിം ഡേവിഡ് (24) സഖ്യം 49 റണ്‍സ് ചേര്‍ത്തു.
എന്നാല്‍ സൂര്യയെ പുറത്താക്കി 17-ാം ഓവറില്‍ ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിറകെ ഡേവിഡും മടങ്ങി. ജെറാള്‍ഡ് കോട്‌സീ (8), പിയൂഷ് ചൗള (0) എന്നിവരെ പുറത്താക്കി സ്റ്റാര്‍ക്ക് മടക്കിയതോടെ കൊല്‍ക്കത്ത വിജയമുറപ്പിച്ചു. ജസ്പ്രിത് ബുമ്ര (1) പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിന് പുറമെ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, റസ്സല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത 19.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. വെങ്കടേഷ് അയ്യര്‍ (52 പന്തില്‍ 70), മനീഷ് പാണ്ഡെ (31 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ആംഗ്കൃഷ് റഘുവന്‍ഷി (13) മാത്രാണ് രണ്ടക്കം കണ്ട മറ്റുതാരം. മുംബൈക്ക് വേണ്ടി നുവാന്‍ തുഷാര, ജസ്പ്രിത് ബുമ്ര എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്. പരിതാപകരമായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം.
6.1 ഓവറില്‍ അഞ്ചിന് 57 എന്ന നിലയിലായിരുന്നു അവര്‍. ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ട് (5) മടങ്ങി. മൂന്നാം ഓവറില്‍ രഘുവന്‍ഷിയും അതേ ഓവറില്‍ ശ്രേയസ് അയ്യരും (6) കൂടാരം കയറി. മൂവരേയും മടക്കിയത് തുഷായായിരുന്നു. സുനില്‍ നരെയ്നെ (8) ഹാര്‍ദിക് ബൗള്‍ഡാക്കി. റിങ്കു സിംഗാവാട്ടെ പിയൂഷ് ചൗളയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി. പിന്നീടാണ് ടീമിനെ രക്ഷിച്ച കൂട്ടുകെട്ടുണ്ടായത്.
മനീഷ് – വെങ്കടേഷ് സഖ്യം 83 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ സീസണില്‍ ആദ്യമായി അവസരം ലഭിച്ച മനീഷ് അവസരം ശരിക്കും മുതാലാക്കി. 31 പന്തുകള്‍ നേരിട്ട താരം രണ്ട് വീതം സിക്സും ഫോറും നേടി. പിന്നീടെത്തിയ ആന്ദ്രേ റസ്സല്‍ (7) റണ്ണൗട്ടായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.
രമണ്‍ദീപ് സിംഗ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (0) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. അവസാന ഓവറില്‍ വെങ്കടേഷ് ബൗള്‍ഡായി. ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. മൂന്ന് സിക്സും ആറ് ഫോറും താരത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. വൈഭവ് അറോറ (0) പുറത്താവാതെ നിന്നു.