
മധുര: സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് കെകെ ശൈലജയെ പരിഗണിക്കാൻ സാദ്ധ്യത. കേരളത്തിൽ നിന്നും പരിഗണിക്കുന്നവരുടെ പട്ടികയിൽ പ്രധാന പരിഗണന കെകെ ശൈലജയ്ക്കാണ്. പിബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതാണ് കെകെ ശൈലജയ്ക്ക് അനുകൂലമാകുന്ന ഘടകം. ശൈലജയെ കൂടാതെ കെ രാധാകൃഷ്ണൻ, തോമസ് ഐസക്ക്, ഇപി ജയരാജൻ എന്നിവരും പിബിയിൽ എത്താൻ സാദ്ധ്യതയുണ്ട്.
കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന നേതാവെന്ന പരിഗണനയാണ് ശൈലജയ്ക്ക് ലഭിക്കുക. എന്നാൽ അന്തിമ തീരുമാനം മധുര പാർട്ടി കോൺഗ്രസാണ് എടുക്കേണ്ടത്. മഹാരാഷ്ട്രയിൽ നിന്നുള്ള മറിയം ധാവ്ള, തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം യു വാസുകി എന്നിവരും പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കാൻ സാദ്ധ്യതയുള്ള നേതാക്കളാണ്.
നാളെ തുടങ്ങുന്ന 24ാം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനുള്ള കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട് എന്നിവയിലുള്ള ഭേദഗതികൾ പരിശോധിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് മധുരയിൽ ചേരും. പാർട്ടി കോൺഗ്രസിന് മന്നോടിയായുള്ള ദീപശിഖാ യാത്രകൾ ഇന്ന് മധുരയിൽ എത്തിച്ചേരും. തമുക്കം മൈതാനത്ത് ഏപ്രിൽ രണ്ട് മുതൽ ആറു വരെയാണ് പാർട്ടി കോൺഗ്രസ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കോഓർഡിനേറ്ററും പൊളിറ്റ്ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഡൽഹിയിൽ പ്രകാശനം ചെയ്ത കരട് രാഷ്ട്രീയ പ്രമേയത്തിൻമേൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭേദഗതികളാണ് കേന്ദ്ര കമ്മിറ്റി പരിശോധിക്കുക. കേരളത്തിൽ ബി.ജെ.പിയെ നേരിടുന്നതിൽ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സി.പി.എം ദുർബലമായെന്നും അടിസ്ഥാന വർഗങ്ങൾക്കിടയിൽ പാർട്ടി അടിത്തറ വളർന്നില്ലെന്നും കരടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കോൺഗ്രസുമായി മതേതര മുന്നണിയിലെ കൂട്ടുകെട്ടല്ലാതെ തിരഞ്ഞെടുപ്പ് ധാരണ പാടില്ലെന്ന രാഷ്ട്രീയ ലൈൻ തുടരാനാണ് കരട് നിർദ്ദേശം. ഡൽഹിയിൽ നിന്നുള്ള കേന്ദ്ര നേതാക്കൾ ഉച്ചയോടെയും കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നേതാക്കൾ വൈകന്നേരത്തോടെയും മധുരയിലെത്തും.