കാട്ടികുളം: വയനാട് കാട്ടികുളത്ത് കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി. കാട്ടികുളം സ്വദേശി പുഷ്പജന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പിന്റെ പാമ്പുപിടിത്തവിദഗ്ധന്‍ സുജിത് പാമ്പിനെ പുറത്തെടുക്കുകയും പിന്നീട് സുരക്ഷിതമായി വനത്തിലേക്ക് തുറന്നുവിടുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് പാമ്പിനെ പിടികൂടിയത്.
സാധാരണയായി ചേരകളെ കാണാറുള്ള സ്ഥലമായതിനാല്‍ ഇഴഞ്ഞുനീങ്ങിയ രാജവെമ്പാലയെ കണ്ടെങ്കിലും വീട്ടുകാര്‍ അധികം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് കാര്‍ഷെഡിന് സമീപത്തേക്ക് നീങ്ങിയതോടെ വീട്ടുകാര്‍ ശ്രദ്ധിച്ചു. കാര്‍ഷെഡിലെവിടെയും പാമ്പിനെ കാണാതായതോടെ കാറിനുള്ളില്‍ പരിശോധന നടത്തി. അപ്പോഴാണ് ബോണറ്റില്‍ കയറിക്കൂടിയ നിലയില്‍ പാമ്പിനെ കണ്ടെത്തിയത്. പിന്നീട് പാമ്പിന്റെ ഫോട്ടോ സുജിത്തിന് അയച്ചുകൊടുത്തതോടെയാണ് പാമ്പ് രാജവെമ്പാലയാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വീട്ടുകാരും പരിസരവാസികളും പരിഭ്രാന്തരായി.
സാധാരണയായി കാറിനുള്ളില്‍ കയറിയ ചെറിയ പാമ്പുകളെ പിടികൂടാന്‍ സാധിക്കാറില്ലെന്ന് സുജിത് പറയുന്നു. വലിപ്പമേറിയ പാമ്പായതിനാലാണ് ഇതിനെ പുറത്തെടുക്കാനായതെന്നും സുജിത് പറഞ്ഞു. വാഹനത്തിനുള്ളില്‍ പാമ്പ് കയറിക്കൂടിയതായി തിരിച്ചറിഞ്ഞാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ടാല്‍ പാമ്പ് ഇറങ്ങിപ്പോകുകയാണ് പതിവെന്നും സുജിത് കൂട്ടിച്ചേര്‍ത്തു.