ചെന്നൈ: അണ്ണാ സർവ്വകലാശാലയിലെ വിദ്യാർത്ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച നടിയും ബി ജെ പി നേതാവുമായ ഖുശ്ബിനുവിനേയും മറ്റ് വനിതാ പ്രവർത്തകരേും അറസ്റ്റ് ചെയ്ത് പോലീസ്. ഇന്നലെ മധുരയിൽ വെച്ചായിരുന്നു സംഭവം. അറസ്റ്റ് ചെയ്ത ഇവരെ ഏഴ് മണിക്കൂർ കഴിഞ്ഞാണ് വിട്ടയച്ചത്. ആടുകളെ വളർത്താനായി വാടകയ്ക്കെടുത്ത സ്ഥലത്താണ് ഇതിനിടയിൽ നടിയേയും മറ്റുള്ളവരേയും പാർപ്പിച്ചത്.
സംസ്ഥാന വ്യാപകമായുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മധുരയിലും ബി ജെ പിയുടെ പ്രതിഷേധം അരങ്ങേറിയത്. ഇവിടെ കണ്ണകി ക്ഷേത്രത്തിന് മുൻപിൽ വെച്ചായിരുന്നു റാലി ആരംഭിച്ചത്. സ്ത്രീകളിൽ പലരും കണ്ണകിയുടെ വേഷം ധരിച്ചും മുളകരച്ചുമാണ് പ്രതിഷേധിച്ചത്. ചിലമ്പുകളും പലരും കൈയ്യിൽ കരുതിയിരുന്നു. ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ബി ജെ പി നേതാക്കൾ തീർത്തത്. പ്രതിഷേധത്തെ നേരിടാൻ 200ലധികം പോലീസുകാരേയും സംഭവ സ്ഥലത്ത് വിന്യസിച്ചിരുന്നു.
സ്ത്രീകളെ ആത്മാഭിമാനം പഠിപ്പിച്ചത് കലൈഞ്ജറാണെന്നും എന്നാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പ്രവർത്തിക്കുന്നത് കാണുമ്പോൾ നിരാശയുണ്ടെന്നും ഖുശ്ബു പറഞ്ഞു. അതേസമയം പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ സിമ്മക്കലിലെ ആട് വ്യാപാരികളുടെ ഗിൽഡിന്റെ കല്ല്യാണ മണ്ഡലത്തിലേക്കാണ് എത്തിച്ചത്.
ഇതിന് പിന്നാലെ ഇവിടെ 300 ഓളം ആടുകളേയും ചെമ്മരിയാടുകളേയും എത്തിച്ചതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായി. വൈകീട്ടോടെ ഇവിടേക്ക് കൂടുതൽ മൃഗങ്ങളെ എത്തിക്കുകയും ചെയ്തു. എന്നാൽ ആടിനെ പാർപ്പിച്ചിടത്ത് വനിത നേതാക്കളെ എത്തിച്ചതിനെതിരെ ബി ജെ പി പ്രവർത്തകർ പ്രതിഷേധം തീർത്തു.
അതേസമയം രാവിലെ അറസ്റ്റ് ചെയ്ത ഖുശ്ബുവിനേയും മറ്റ് വനിത നേതാക്കളേയും വൈകീട്ട് 6.30യോടെയാണ് വിട്ടയച്ചത്. 300 ഓളം വനിതകൾക്കും 14 പുരുഷൻമാർക്കുമെതിരായാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. അണ്ണാമലൈ യൂനിവേഴ്സിറ്റിയിലെ ബലാത്സംഗ കേസിൽ ഡി എം കെയ്ക്കെതിരെ നേരത്തേ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും രംഗത്തെത്തിയിരുന്നു. സ്വയം ചാട്ടവാറടിച്ചും ഉപവാസമിരുന്നുമാണ് അണ്ണാമലൈ പ്രതിഷേധിച്ചത്.
സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. കേസിലെ പ്രതി ജ്ഞാനശേഖരൻ പ്രാദേശിക ഡിഎംകെ നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നയാളാണെന്നാണ് ബി ജെ പിയുടെ ആരോപണം. ഡി എം കെ ബന്ധം കാരണം ഇയാൾക്കെതിരെ പോലീസ് ദുർബലമായ വകുപ്പുകളാണ് ചേർത്തത് എന്നും ബി ജെ പി നേതാക്കൾ ആരോപിക്കുന്നു.