KeralaNews

‘കമ്പി മാറിയെന്നും, വേറെ രോഗിയുടെ കമ്പി ഇട്ടെന്നും വരെ, ഇത് പച്ചക്കള്ളം’ പ്രചരണങ്ങൾ അപലപനീയമെന്ന് കെജിഎംസിടിഎ

തിരുവനന്തപുരം: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിനെതിരെ നിരന്തരം വരുന്ന അസത്യവും തെറ്റിദ്ധാരണാജനകവുമായ  പ്രചരണങ്ങളുണ്ടാകുന്നുവെന്നും ഇതിൽ ശക്തമായി അപലപിക്കുന്നതായും കേരളാ ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

രോഗത്തിനെക്കുറിച്ചും ചികിത്സയേക്കുറിച്ചും രോഗികൾക്കോ, കൂട്ടിരിപ്പുകാർക്കോ ഉണ്ടായേക്കാവുന്ന സംശയങ്ങളും, പരാതികളും, തെറ്റിദ്ധാരണകളും, ചികിത്സിക്കുന്ന ഡോക്ടർ പോലും അറിയുന്നതിനു മുന്നെ, മാധ്യമങ്ങളിൽ വസ്തുതാവിരുദ്ധമായ രീതിയിൽ അവതരിപ്പിക്കുന്ന പ്രവണത പൊതുജന ആരോഗ്യമേഖലയെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ഭയപ്പെടുന്നതായും കെജിഎംസിടിഎ കോഴിക്കോട് യൂണിറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.  

ഇപ്പോള്‍ അസ്ഥിരോഗ വിഭാഗവുമായി ബന്ധപ്പെട്ട് നടക്കുന്ന നുണപ്രചരണം അതിന്റെ ഭാഗമായി കാണേണ്ടതാണ്. കയ്യിലെ അസ്ഥികൾ പൊട്ടിയ അവസ്ഥയിൽ വന്ന രോഗിക്ക്, അസ്ഥികളെ ഉറപ്പിക്കാൻ ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യകത പറഞ്ഞ് മനസിലാക്കുകയും, പ്ലേറ്റും സ്ക്രുവും ഉപയോഗിച്ച് പൊട്ടിയ എല്ലുകളെ ഉറപ്പിക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ കൈക്കുഴയിലെ അസ്ഥികൾ തെന്നിപോകാതെ ഇരിക്കാൻ താല്‍ക്കാലികമായ കമ്പി ഇട്ട് വയ്ക്കുകയും ( K wire fixation )ചെയ്തു. 

ശസ്ത്രക്രിയക്ക് ശേഷം ഏടുത്ത എക്സ്റേയില്‍, കൈക്കുഴ തെന്നി പോകാതെ ഇരിക്കാൻ താല്‍ക്കാലികം ആയി ഇട്ട് വയ്ക്കുന്ന കമ്പിയുടെ കിടപ്പിൽ ജൂനിയർ ഡോക്ടർക്ക് സംശയം തോന്നുകയും, ചിലപ്പോൾ അത് മാറിയിടേണ്ട ആവശ്യകത വന്നേക്കാമെന്ന് (K wire repositioning) രോഗിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മുതിർന്ന ഡോക്ടറുമായി സംസാരിച്ച ശേഷം അതിന്റെ ആവശ്യമില്ല എന്നും മനസിലാക്കുകയും ചെയ്തു. 

വസ്തുതകൾ ഇതാണെന്നിരിക്കെ, മാധ്യമങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്ത രിതിയിൽ കമ്പി മാറിയെന്നും, വേറെ രോഗിയുടെ കമ്പി ഇട്ടെന്നും മുതൽ അതിശയോക്തി നിറച്ച പച്ചക്കള്ളങ്ങളാണ് പ്രചരിപ്പിച്ചത്. ഇത്തരം വസ്തുതാ വിരുദ്ധമായ പ്രചരണങ്ങളെയും പൊതുജനാരോഗ്യ സംരക്ഷണ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളെയും നിയമപരമായും ആശയപരമായും സംഘടന നേരിടുമെന്ന് കോഴിക്കോട് യൂണിറ്റ് പ്രസിഡന്റ് ഡോ. കൃഷ്ണന്‍ സി, സെക്രട്ടറി ഡോ. അബ്ദുള്‍ ബാസിത്ത് എന്നിവര്‍ അറിയിച്ചു. അതേസമയം, ബൈക്കപടത്തില്‍  എല്ല് പൊട്ടിയ യുവാവിന്‍റെ കൈയില്‍ ഇട്ട കമ്പി മാറിപ്പോയെന്ന കുടുംബത്തിന്‍റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker