KeralaNews

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ട്രാക്കുണ‍ർന്നു: അടുത്ത വർഷം മുതല്‍ പുതിയ പേര്

തൃശ്ശൂർ: ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ മത്സരത്തോടെ കുന്നംകുളത്ത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ട്രാക്ക് ഉണര്‍ന്നു. കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വര്‍ണ്ണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്.

കോഴിക്കോട് ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിലെ വിദ്യാര്‍ത്ഥിനി അശ്വിനി ആര്‍ നായര്‍ വെള്ളി നേടി. ആദ്യ ദിനത്തില്‍ 21 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങളാണ് നടന്നത്. രാവിലെ 9 മണിക്ക് പൊതു വിദ്യാഭാസ ഡയറക്ടര്‍ എസ് ഷാനവാസ് 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ പതാക ഉയര്‍ത്തി. തുടര്‍ന്ന് 14 ജില്ലകളുടെയും പതാക ട്രാക്കിലുയര്‍ന്നു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കായികോത്സവത്തിന് അടുത്ത വർഷം മുതൽ പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കലണ്ടർ തയ്യാറാക്കുന്നതിനു വേണ്ട പ്രെപ്പോസൽ തയ്യാറാക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. കായിക താരങ്ങൾക്ക് കൂടുതല്‍ തയ്യാറെടുപ്പ് നടത്താൻ ഇത് ഉപകാരപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ആഥിത്യം വഹിക്കുന്ന കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന് കായികോത്സവ ഓർമ്മക്കായി പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് 2.60 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. കായികോത്സവത്തെ സ്കൂൾ ഒളിമ്പിക്സ് ആക്കുന്ന കാര്യം പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, സ്‌പോർട്സ് ഓർഗനൈസർ എന്നിവരടങ്ങുന്ന സമിതി ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.

കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ മികച്ച റെക്കോർഡാണ് സർക്കാർ കൈവരിച്ചതെന്നും 7 വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്പോട്സ് ക്വാട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കിയത് സർവ്വകാല റെക്കോർഡാണെന്നും മന്ത്രി പറഞ്ഞു. കായിക ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുകയാണ് 65-ാമത് സംസ്ഥാന സ്കൂൾ കായിക മേളയെന്ന് ചടങ്ങിൽ അധ്യക്ഷനായ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തൃശ്ശൂരിലെ ഐ എം വിജൻ ഇന്റോർ സ്റ്റേഡിയം ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ഉദ്ഘാടത്തോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ നിന്നുള്ള എന്‍സിസി, എസ്പിസി, വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റ്, ബാന്റ് മേളം എന്നിവയും നടന്നു. തുടര്‍ന്ന് എ സി മൊയ്തീന്‍ എംഎല്‍എ യില്‍ നിന്ന് സംസ്ഥാന കായിക താരങ്ങളും അവരില്‍ നിന്ന് ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തൊട്ടാനവും ദീപശിഖ ഏറ്റുവാങ്ങി.

പത്മശ്രീ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപം മത്സര മൈതാനിയില്‍ തെളിയച്ചതോടെ 65-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ജ്വാല ഉയര്‍ന്നു. ഏഷ്യാഡ് മെഡല്‍ ജേതാക്കളെ ആദരിച്ച് 107 നിറത്തിലുള്ള ബലൂണുകള്‍ പറത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നയന-ശ്രവ്യ മനോഹരമായ കലാപരിപാടികള്‍ അരങ്ങേറി.

ചടങ്ങിൽ പത്മശ്രീ ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ ലിജോ ഡേവിഡ് തൊട്ടാനം എന്നിവരെ മന്ത്രി ആദരിച്ചു. എംഎൽഎമാരായ എ സി മൊയ്തീൻ, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ, പത്മശ്രീ ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ ലിജോ ഡേവിഡ് തൊട്ടാനം, സ്പോട് ഓർഗനൈസർ എൽ ഹരീഷ് ശങ്കർ, കേരള കലാമണ്ഡലം ഭരണസമിതി അംഗം ടി കെ വാസു, എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ് എസ് കെ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ആർ സുപ്രിയ തുടങ്ങിയവർ മുഖ്യാതിഥികളായി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker