KeralaNews

മൃതദേഹം പോയിട്ട്‌ എല്ലുകഷ്ണങ്ങള്‍ പോലും കിട്ടിയില്ല; ഒറ്റ മുടിയില്‍ എല്ലാം തെളിയിച്ചത് മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ ടെസ്റ്റ്; ഷാബാ ഷെരീഫ് വധക്കേസ് അന്വേഷണത്തില്‍ തെളിയുന്നത് കേരള പോലീസ് ബ്രില്യന്‍സ്‌

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുമ്പോള്‍ ചര്‍ച്ചകളിലേക്ക് മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ ടെസ്റ്റും. ഒന്നാം പ്രതി ഷൈബിന്‍, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞു. ഒമ്പതുപേരെ കോടതി വെറുതെവിട്ടു. മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസില്‍ ശനിയാഴ്ച ശിക്ഷ വിധിക്കും. മൃതദേഹം കണ്ടെത്താത്ത കേസില്‍ കൊല തെളിയുകാണ് ഈ കേസില്‍. അതിന് വഴിയൊരുക്കിയത് അഞ്ചു ലക്ഷം രൂപയില്‍ മുകളില്‍ ചെലവു വരുമായിരുന്ന ഡിഎന്‍എ പരിശോധനയാണ്. അന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ മലപ്പുറം എസ് പി സുജിത് ദാസാണ് ഈ പരിശോധനയുടെ ആവശ്യകത തിരിച്ചറിഞ്ഞത്.

2022 ഏപ്രില്‍ 23-ന് ഏതാനുംപേര്‍ തന്റെ വീട്ടില്‍ കയറി തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്‍ അഷ്‌റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തുക്കൊണ്ടുവന്നത്. ഇയാളെ അക്രമിച്ച കേസിലെ അഞ്ചുപ്രതികള്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്‍പില്‍ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

2019 ഓഗസ്റ്റില്‍ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ ഒന്നരവര്‍ഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകള്‍ ഷൈബിന്റെ വീട്ടില്‍നിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികള്‍ മൊഴിനല്‍കിയ ചാലിയാര്‍ പുഴയില്‍ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഷൈബിന്‍ ഉപയോഗിച്ച കാറില്‍നിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡി.എന്‍.എ. പരിശോധനാഫലമാണ് കേസില്‍ നിര്‍ണായകമായത്. ഈ പരിശോധനാ ഫലമില്ലായിരുന്നുവെങ്കില്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെടുമായിരുന്നു. ഒരാളുടെ അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി തുടങ്ങി ഉറ്റബന്ധുക്കളുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യമുണ്ടാകും. ഇക്കാര്യം തിരിച്ചറിയുന്നതിനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.

മൂന്നുരീതിയിലുള്ള ഡിഎന്‍എ ടെസ്റ്റുകളാണുള്ളത്- ഓട്ടോസോമല്‍ ഡിഎന്‍എ ടെസ്റ്റ്, മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ ടെസ്റ്റ്, വൈ ക്രോമസോമല്‍ ഡിഎന്‍എ ടെസ്റ്റ്. ഇതില്‍ മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അമ്മയില്‍നിന്ന് നേരിട്ട് മക്കള്‍ക്ക് ലഭിക്കുന്നതാണ്. അമ്മയുമായി ബന്ധപ്പെട്ട ജീവശാസ്ത്രവഴി കണ്ടെത്താനാണ് ഈ ടെസ്റ്റ് ഉപയോഗിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനാണ് വൈ ക്രോമസോമല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. പിതൃത്വനിര്‍ണയത്തിനുള്ള ഡിഎന്‍എ ടെസ്റ്റ് ഇതാണ്. ന്യൂക്ലിയസിന് പുറത്തുള്ള കോശദ്രവ്യത്തിലാണ് മൈറ്റോകോണ്ഡ്രിയല്‍ ഡിഎന്‍എ കാണപ്പെടുന്നത്. അവ അമ്മവഴിത്തലമുറകളില്‍ ഒരേ പോലെ ആയിരിക്കും.

സാധാരണ ഡിഎന്‍എ നല്‍കുന്നതിനേക്കാള്‍ ഉറപ്പായ വിവരങ്ങള്‍ നല്‍കാന്‍ ഇതു സഹായിക്കും. വൈ ക്രോമസോം മാത്രം പരിശോധിച്ചാല്‍ ആള് പുരുഷനോ സ്ത്രീയോ അറിയാം. മുടി, ഉണങ്ങിയ ചര്‍മ്മകോശങ്ങള്‍, മാംസം, ഉമിനീര്‍, രക്തം, ശുക്ലം, യോനീദ്രവങ്ങള്‍, കഫം, കണ്‍പീള, മലം, മൂത്രം, വിയര്‍പ്പ് തുടങ്ങി ഏതു ജൈവപദാര്‍ത്ഥവും ഡിഎന്‍എ സ്രോതസായി ഉപയോഗിക്കാനാകും. മരണം നടന്നു വര്‍ഷങ്ങള്‍ക്കുശേഷമായാല്‍ കഴിഞ്ഞായാല്‍ പോലും പല്ല്, അസ്ഥി, മുടി, രോമങ്ങള്‍, നഖങ്ങള്‍ തുടങ്ങിയവ ഡിഎന്‍എ സ്രോതസ്സായി അവശേഷിക്കും. ഷാബാ ഷെരീഫിനെ കാണാതായി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കേസ് പോലീസിന് മുന്നിലെത്തിയത്.

2019 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുന്നു.. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്തനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനം തുടര്‍ന്നു. മര്‍ദനത്തിനിടെ 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു.

ഒന്നര കൊല്ലത്തിന് ശേഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലെ വെളിപ്പെടുത്തല്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് അതിനൂതന ഡിഎന്‍എ പരിശോധന വേണമെന്ന ആവശ്യം മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസ് സര്‍ക്കാരിന് മുന്നില്‍ വച്ചത്. ആവശ്യം ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് കോടതിയും ഷാബാ ഷെരീഫിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും അടഞ്ഞിരുന്നു.

പ്രളയം അടക്കം ചാലിയാറിലെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതില്‍ വെല്ലുവിളിയായെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതെല്ലാം മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ പോലീസ് മറികടന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങളില്‍നിന്നുള്ള സാംപിള്‍ ഉപയോഗിച്ച് ഡിഎന്‍എ പരിശോധിക്കുന്നതിനുള്ള സംവിധാനം രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററിലുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഷാബാ ഷെരീഫ് കേസില്‍ പോലീസ് നിര്‍ണ്ണായക തീരുമാനങ്ങളിലേക്ക് കടന്നത്.

മൂലക്കുരു ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫില്‍നിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശിയായ വ്യവസായി ഷൈബിന്‍ അഷ്‌റഫിന്റെ സംഘം അദ്ദേഹത്തെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നു മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിക്കുകയും രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബര്‍ എട്ടിന് കൊലപ്പെടുത്തുകയുമായിരുന്നു. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker