കേരള പോലീസ് പിടികൂടിയ പ്രതിയെ കണ്ട് ഡല്‍ഹി പോലീസ് ഞെട്ടി
കൊല്ലം: മാലപൊട്ടിക്കല്‍ കേസില്‍ കേരളാ പോലീസ് പിടികൂടിയ പ്രതിയായെ കണ്ട് ഡല്‍ഹി പോലീസ് ഞെട്ടി. ഡല്‍ഹി സീമാപുരി സ്വദേശി സത്യദേവിനെയാണ് കേരള പോലീസ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോള്‍ കേരള പോലീസിന് അറിയില്ലായിരുന്നു ഇതു കൊടും കുറ്റവാളിയാണെന്ന്. പ്രതിയെ ഡല്‍ഹി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ പോലീസുകാര്‍ ഞെട്ടി. ഡല്‍ഹി, യു.പി കേന്ദ്രീകരിച്ചു നടക്കുന്ന പ്രധാന കവര്‍ച്ചകളൊക്കെ സത്യദേവും സംഘവുമാണ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. സത്യദേവിന്റെ കയ്യില്‍നിന്നും രണ്ടു വിദേശ നിര്‍മിത തോക്കുകളും കണ്ടെടുത്തു.
ഉന്നതരുമായുള്ള ബന്ധത്തെ തുടര്‍ന്നു പ്രതി കേസുകളില്‍ പെടാറില്ലെന്നാണ് ഡല്‍ഹി പോലീസ് പറഞ്ഞത്. നാലംഗ സ്‌ക്വാഡ് പിടിച്ച സത്യദേവിനെ ജീവന് ഭീഷണിയുള്ളതുകൊണ്ട് പ്രത്യേക സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കൂട്ടാളികള്‍ എ.കെ 47 തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങളും പോലീസ് കണ്ടെത്തി. നേപ്പാള്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ തട്ടിക്കൊണ്ടുപോകലുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘ തലവനാണ് സത്യദേവ്. ഒരിക്കല്‍ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കൂട്ടാളികള്‍ പോലീസിനെ ആക്രമിച്ച പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ സ്ത്രീകള്‍ സ്വര്‍ണം അധികമായി ഉപയോഗിക്കുന്നതറിഞ്ഞാണ് സത്യദേവും സംഘവും ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയത്. കേരളത്തിലേക്കുള്ള യാത്രക്കിടെ ആന്ധ്രപ്രദേശിലും മോഷണം നടത്തി. കൊല്ലം ബീച്ച് റോഡില്‍ നിന്ന് പ്രതികള്‍ ഹെല്‍മറ്റ് വാങ്ങി. തുടര്‍ന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് വീട്ടമ്മമാരുടെ മാല മോഷ്ടിച്ചു. മോഷണ ശേഷം ബൈക്ക് വഴിയരികില്‍ ഉപക്ഷിച്ച് കടന്നു കളഞ്ഞു.
സത്യദേവിന്റെ ഡല്‍ഹി സീമാപൂരിലെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.