KeralaNews

എന്തെല്ലാം നിയന്ത്രണങ്ങള്‍ വരും? അവലോകന യോഗത്തിലേക്കു കണ്ണുനട്ട് കേരളം

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11നാണ് യോഗം ചേരുന്നത്. യോഗത്തില്‍ ജില്ലകളിലെ കൊവിഡ് സാഹചര്യം വിലയിരുത്തും. കൊവിഡിനൊപ്പം ഒമിക്രോണ്‍ വ്യാപനവും വിലയിരുത്തും. സംസ്ഥാനത്തു കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ആള്‍ക്കൂട്ട നിയന്ത്രണ നടപടികളുടെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പൊതു വേദികളില്‍ 150 പേരും അടഞ്ഞ സ്ഥലങ്ങളില്‍ 75 പേരും ഒത്തു ചേരാമെന്നുള്ള നിലവിലെ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയേക്കും. ഒത്തുചേരുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും മറ്റിടങ്ങളിലുമെല്ലാം സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമാക്കും.

കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. എന്നാല്‍, പൂര്‍ണമായോ ഭാഗികമായോ അടച്ചിടുന്ന നടപടി സ്വീകരിക്കില്ല. കൊവിഡ് മൂന്നാംതരംഗം കേരളത്തിലും പിടിമുറുക്കിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. രണ്ടാംതരംഗത്തിന്റെ രൂക്ഷത പൂര്‍ണമായും ഒഴിവാകും മുന്പാണ് കേരളത്തെ ആശങ്കയിലാഴ്ത്തി മൂന്നാംതരംഗം കടന്നുവന്നിരിക്കുന്നത്.

ഇന്നലെ കൊവിഡ് ടിപിആര്‍ 11 ശതമാനം പിന്നിട്ടിരുന്നു. രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. ഒമിക്രോണിന്റെ സാന്നിധ്യം ശക്തമാണെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധര്‍. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂ, സ്‌കൂളുകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനനിയന്ത്രണം, ഓഫീസുകളില്‍ 50ശതമാനം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം, ആഘോഷങ്ങളും ഒത്തുചേരലുകളും ഒഴിവാക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ക്കുള്ള സാധ്യതയും ചര്‍ച്ചചെയ്യും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെകൂടി തീരുമാനം അനുസരിച്ചാകും സംസ്ഥാനത്തു നടപടികള്‍ സ്വീകരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button