
കൊച്ചി: കൊച്ചിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ച നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് 23 ദിവസമായി ലൂർദ് ഹോസ്പിറ്റൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ജാര്‍ഖണ്ഡ് ദമ്പതികളുടെ കുഞ്ഞിനെ 'ബേബി ഓഫ് രഞ്ജിത' എന്ന മേൽവിലാസത്തിലാണ് ആശുപത്രിയിൽ ചികിത്സിച്ചിരുന്നത്.
കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് ജാർഖണ്ഡിലേക്ക് കടന്നത്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഒരു മാസത്തോളം തുടർചികിത്സ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്നാണ് സർക്കാർ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് തുടർചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്.
കഴിഞ്ഞ 31-നാണ് ജാർഖണ്ഡ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. അണുബാധയെത്തുടർന്ന് അമ്മയെ ജനറൽ ആശുപത്രിയിലും കുഞ്ഞിനെ ലൂർദ് ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. അച്ഛൻ കുഞ്ഞിനെ ഇടയ്ക്കിടെ വന്നു കാണുകയായിരുന്നു. എന്നാൽ, അമ്മ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് നേടിയതിന് പിന്നാലെ ഇരുവരും കുഞ്ഞിനെ ഉപേക്ഷിച്ച് ജാർഖണ്ഡിലേക്ക് പോവുകയായിരുന്നു.
ഇതിന് പിന്നാലെ ശിശുവിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുഞ്ഞിന്റെ തുടര്‍ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും നിര്‍ദേശിച്ചു. മാതാപിതാക്കള്‍ തിരിച്ചുവരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. ഇല്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു.