കേന്ദ്രം വഴങ്ങി: വെട്ടിക്കുറച്ച 3,140 കോടി കൂടി കേരളത്തിനു കടമെടുക്കാം
തിരുവനന്തപുരം: കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകളുടെ പേരിൽ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ നിന്ന് ഇൗ വർഷം 3,140.7 കോടി രൂപ വെട്ടിക്കുറച്ച നടപടി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്കു നീട്ടിവച്ചു. ഇതോടെ ഇത്രയും തുക കൂടി മാർച്ചിനു മുൻപ് സംസ്ഥാനത്തിനു കടമെടുക്കാനാകും. കേന്ദ്ര സർക്കാരിനോടു മുഖ്യമന്ത്രിയും ധനമന്ത്രിയും നേരിട്ടും കത്തിലൂടെയും തുടർച്ചയായി ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളിൽ ഒന്നാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
അതിഗുരുതരമായ ധന പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സർക്കാരിന് ഇതു താൽക്കാലികാശ്വാസമായി. അനുവദിച്ച തുകയിൽ നിന്നു 2,000 കോടി രൂപ ഇൗ മാസം 19ന് കടമെടുക്കും. ക്രിസ്മസ് കണക്കിലെടുത്ത് 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. മറ്റു ചെലവുകൾക്കു പണം തികയുന്നില്ലെങ്കിൽ ഒരു മാസത്തെ പെൻഷനേ വിതരണം ചെയ്യാനാകൂ.
കിഫ്ബിയും പെൻഷൻ കമ്പനിയും 2021–22 സാമ്പത്തിക വർഷത്തിൽ 9,422.1 കോടി കടമെടുത്തെന്നാണ് സിഎജിയുടെ കണക്ക്. ഇതനുസരിച്ച് 2022–23 മുതൽ 2024–25 വരെ 3 വർഷങ്ങളിലായി 3,140.7 കോടി രൂപ വീതം സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.
ഇൗ വർഷത്തെ വെട്ടിക്കുറവ് ഒഴിവാക്കണമെന്നു കേരളം ആവശ്യപ്പെട്ടു. ഇതെത്തുടർന്നാണു തൽക്കാലം 3,140.7 കോടി രൂപയുടെ വായ്പാധികാരം കേന്ദ്രം പുനഃസ്ഥാപിച്ചു നൽകിയത്. എന്നാൽ, ഇൗ സംഖ്യ കൂടി ഉൾപ്പെടുത്തി അടുത്ത വർഷം ഇരട്ടി തുക കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്ക കേരളത്തിനുണ്ട്.
വരുന്ന ജനുവരി മുതൽ മാർച്ച് വരെ കടമെടുക്കാനായി മാറ്റിവച്ചിരുന്ന 3,800 കോടി രൂപ അതിനു മുൻപ് എടുക്കാനായി കഴിഞ്ഞ മാസം കേന്ദ്രം അനുവദിച്ചിരുന്നു. ഇതിൽ 2,000 കോടി രൂപ കഴിഞ്ഞയാഴ്ച സർക്കാർ കടമെടുത്തു. ഇൗ ഇനത്തിൽ ബാക്കി 1,800 കോടി അവശേഷിക്കുന്നുണ്ട്. ഫലത്തിൽ ഇനി ആകെ കടമെടുക്കാൻ ബാക്കിയുള്ളത് 5,000 കോടിയോളം രൂപയാണ്.