KeralaNews

ഭര്‍ത്താവ് യെമനില്‍ തടങ്കലില്‍, ഭാര്യ യുക്രൈനില്‍ ബങ്കറിലും; രണ്ടു യുദ്ധങ്ങള്‍ക്ക് നടുവില്‍ കണ്ണീര്‍ക്കടലില്‍ ഒരു കുടുംബം

ആലപ്പുഴ: രണ്ടു യുദ്ധങ്ങളുടെ നടുവില്‍പ്പെട്ട് ആശങ്കകളോടെ കഴിയേണ്ടി വരുന്നതിന്റെ കഥയാണ് കായംകുളത്തെ അഖില്‍ രഘുവിന്റെ കുടുംബത്തിന് പറയാനുള്ളത്. ആവൂര്‍ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതര്‍ ബന്ദിയാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് കീവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഖിലിന്റെ ഭാര്യ ജിതിന, യുക്രൈനിലെ യുദ്ധത്തെത്തുടര്‍ന്ന് ബങ്കറില്‍ അഭയം തേടിയിരിക്കുകയാണെന്ന വാര്‍ത്ത കുടുംബത്തെ തേടിയെത്തുന്നത്.

കീവ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അവസാനവര്‍ഷ അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയാണ് ജിതിന. റഷ്യന്‍ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സ്വയരക്ഷയ്ക്കായി ബങ്കറുകളില്‍ അഭയം പ്രാപിച്ചത്. രാമപുരം സ്വദേശിനിയായ ജിതിന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 നാണ് അഖിലിനെ വിവാഹം കഴിക്കുന്നത്.

യുഎഇയിലെ ലിവാമറൈന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലില്‍ ജീവനക്കാരനാണ് അഖില്‍ രഘു. ചെങ്കടലില്‍ വെച്ച് കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഹൂതി വിമതര്‍ കപ്പല്‍ റാഞ്ചുന്നത്. അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതര്‍ ബന്ദിക്കളാക്കി വെച്ചിരിക്കുകയാണെന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പറഞ്ഞു.കപ്പലില്‍ 14 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ ആറുപേര്‍ ഇന്ത്യാക്കാരാണ്. അഖില്‍ സുരക്ഷിതനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ബന്ദികളാക്കപ്പെട്ട ഇവരെ മോചിപ്പിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അഖിലിന്റെ മോചനത്തിനായി കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ ഒരു നടപടിയുമുണ്ടായില്ല.

യെമന്‍ തീരത്തിന് 50 കിലോമീറ്റര്‍ അകലെ തുറമുഖനഗരമായ ഹോദേയ്ദാഗില്‍ വെച്ചാണ് കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള ആശുപത്രി ഉപകരണങ്ങളാണ് കപ്പലിലുള്ളത്. എന്നാല്‍ ഹൂതികളെ നേരിടുന്നതിനായുള്ള സൈനിക ആയുധങ്ങളാണ് കപ്പലിലുള്ളതെന്നാണ് ഹൂതി വിമതര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker