അനൂപ് ജേക്കബ് വിഭാഗത്തിന്റെ യോഗം ഇന്ന് , നെല്ലൂർ പക്ഷത്തിന്റേത് 21 ന് , ജേക്കബ് ഗ്രൂപ്പ് ഇന്നു പിളർന്നേക്കും
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് ഇന്നും 21 ന് ജോണി നെല്ലൂരും പ്രത്യേക യോഗം വിളിച്ചിരിക്കെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍പ്പിന്റെ വക്കിലെന്ന് സൂചന. ചെയര്‍മാന്‍ ജോണി നെല്ലൂരുമായുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് ജേക്കബ് വിഭാഗം വിളിച്ച യോഗം ഇന്ന് കോട്ടയത്ത് നടക്കുന്നത്. രാവിലെ 11 ന് ജേക്കബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുക. എന്നാല്‍ യോഗം നിയമവിരുദ്ധമാണെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചിട്ടുണ്ട്.
ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പിന്‍വാങ്ങിയതോടെയാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത ശക്തമായത്. എന്നാല്‍, ജോസഫ് ഗ്രൂപ്പുമായുള്ള ലയനനീക്കവുമായി മുന്നോട്ടു പോകാനാണ് ജോണി നെല്ലൂരിന്റെ തീരുമാനം. ഇരുവരും യോഗം വിളിച്ച് പരമാവധി ആളുകളെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. അതേസമയം ജോണിനെല്ലൂരിന്റെ ലയന നീക്കത്തിന് പിന്തുണയുമായി ജേക്കബ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.
ലയനം പാര്‍ട്ടിയുടെ ഭൂരിപക്ഷ തീരുമാനമെന്നാണ് ജോണി നെല്ലൂരിന്റെ വാദമെങ്കില്‍ ലയനത്തെ എതിര്‍ക്കുന്നവരുടെ യോഗം വിളിച്ച അനൂപ് ജേക്കബിന്റെ ലക്ഷ്യം ശക്തിതെളിയിക്കലാണ്. യോഗവുമായി മുന്നോട്ടു പോകുമെന്നും ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ അറിവോടെയാണ് യോഗം വിളിച്ചതെന്നും അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്.